സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന്

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് 5 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലൈ 22 മുതലാണ് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. നിരക്കു വര്‍ധന ഉള്‍പ്പെടെ ബസുടമകള്‍ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളില്‍ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയര്‍മാന്‍ ഹംസ എരികുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി.ഗോപിനാഥന്‍ എന്നിവര്‍ പറഞ്ഞു. പൊതു യാത്രാനിരക്ക് വര്‍ധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാള്‍ നേട്ടമുണ്ടാകുന്നത് കെഎസ്ആര്‍ടിസിക്കു മാത്രമാണെന്നും ഇരുവരും ആരോപിച്ചു.
140 കിലോമീറ്റര്‍ ദൂരത്തിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ കാര്‍ഡ് വിതരണം കാലോചിതമായി പരിഷ്‌കരിക്കുക, ബസ് ഉടമകളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികള്‍ പിന്‍വലിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha