എല്ലാ ക്ലാസിലും കുട്ടികള്‍ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം....

എല്ലാ ക്ലാസിലും കുട്ടികള്‍ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
തുടര്‍ച്ചയായ, സമഗ്ര മൂല്യനിര്‍ണയം കുട്ടികളുടെ വിലയിരുത്തലിന്റെ ഭാഗമാക്കാനും നിര്‍ദേശം നല്കി. വാര്‍ഷിക പരീക്ഷകള്ക്കുപുറമെ നിശ്ചിത ഇടവേളകളിലുള്ള മൂല്യനിര്‍ണയം തത്സമയം കുട്ടികളുടെ പഠനനില കണ്ടെത്താനും ആവശ്യമെങ്കില്‍ അധിക പിന്തുണ നല്‍കാനും സഹായിക്കുകയും ചെയ്യും.
കുട്ടികളുടെ മാര്‍ക്ക് 30 ശതമാനമാക്കി നിജപ്പെടുത്തുകയല്ല, ശേഷിയനുസരിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്നുവെന്ന് ഉറപ്പാക്കലാണ് ലക്ഷ്യമെന്നും അക്കാദമിക് മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. മൂല്യനിര്‍ണയരീതി കാര്യക്ഷമമാക്കി പരിഷ്കരിക്കണം. ഓരോ കുട്ടിയുടെയും സമഗ്ര പഠനപുരോഗതിരേഖ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും വേണം. എഴുത്തുപരീക്ഷയ്ക്കപ്പുറം എല്‍പി, യുപി ക്ലാസുകളില്‍ കട്ടികളുടെ വായന, ആലാപനം, എഴുത്ത്, സര്‍ഗരചന -എന്നിങ്ങനെയുള്ള കഴിവ് മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തണം. ഹൈസ്കൂളില്‍ വിഷയാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം രൂപീകരിക്കണം. മാസ്റ്റര്‍ പ്ലാനില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ശ്രദ്ധനല്കണം എല്ലാകുട്ടികള്‍ക്കും മാതൃഭാഷയില്‍ എഴുതാനും വായിക്കാനും കഴിയുകയും വേണം.
അടിസ്ഥാന ഗണിതം, ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മവിശ്വാസത്തോടെ ആശയവിനിമയം എന്നിവ ഉറപ്പാക്കണം. നിര്‍മിത ബുദ്ധി, റോബോട്ടിക്സ് സാധ്യത പ്രയോജനപ്പെടുത്തണം. തൊഴില്‍ അവബോധം നേടാനും ഇഷ്ടമേഖല തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ആരോഗ്യ, കായിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha