തിരുവനന്തപുരം വിമാനത്താവളത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തും

യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്കീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഒപ്പമുണ്ടാകും.
ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്.
വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയും കൂടി ലഭിച്ചാലേ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന പാര്‍ക്കിങ് മേഖലയില്‍ കടക്കാനാകുകയുള്ളൂ.
എഫ്-35 പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേല്‍നോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ബ്രിട്ടണില്‍നിന്ന് എത്തിക്കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.
https://www.facebook.com/Malayalivartha