സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്

സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനം ജനകീയവൽക്കരിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ആരംഭിച്ച ആർദ്രം മിഷൻ സർക്കാർ തന്നെ ഇപ്പോൾ കുഴിച്ചുമൂടിയതായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
പഞ്ചായത്തുതലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും വിപുലമായ സജ്ജീകരണങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന ആർദ്രം മിഷൻ്റെ പ്രഖ്യാപനം ജലരേഖയായി. പ്രാഥമിക കേന്ദ്രങ്ങളിൽ പലയിടത്തും ഡോക്ടറോ, നേഴ്സോ, ഉപകരണങ്ങളോ, മരുന്നോ ഇല്ലാത്ത അവസ്ഥയാണ്. വിവിധ സർക്കാർ ആശുപത്രികളിൽ പുതിയ കാത്ത് ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ, സ്കാനിംഗ് കേന്ദ്രങ്ങൾ എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല.
സൗജന്യ ചികിത്സ ലഭിച്ചിരുന്ന പ്രാഥമിക, താലൂക്ക്, ജില്ലാ, മെഡിക്കൽ കോളജ് ആശുപത്രികളെ ആശ്രയിക്കാൻ കഴിയാതെ മഹാഭൂരിപക്ഷം ജനങ്ങൾക്കും വൻ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ അഭയം തേടേണ്ട ദുരവസ്ഥയാണ്. സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha