'ജെഎസ്‌കെ' കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി

സുരേഷ്‌ഗോപി ചിത്രം 'ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' നേരില്‍ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എന്‍.നഗരേഷ് ഇന്നു വ്യക്തമാക്കി. പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ കോടതിക്ക് സിനിമ കാണാന്‍ സൗകര്യമൊരുക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡ് തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മറ്റൊരു ഹര്‍ജി കൂടി നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ രണ്ടാമത്തെ ഹര്‍ജിക്ക് മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സെന്‍സര്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മാത്രമാണ് ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചതെന്നാണ് ഇതിനു കാരണമായി അദ്ദേഹം അറിയിച്ചത്. എന്നാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. എന്തു സാഹചര്യത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചിരുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടര്‍ന്നാണു സിനിമ കാണാമെന്നു കോടതി വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. കോടതിയും ഹര്‍ജിക്കാരും സിനിമ കാണുന്ന സാഹചര്യത്തില്‍ എതിര്‍കക്ഷിയായ തനിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ മുംബൈ ഓഫിസില്‍ ചിത്രം കാണാന്‍ സൗകര്യമുണ്ടാകുമോ എന്ന് അഭിനവ് ചന്ദ്രചൂഡ!് ആരാഞ്ഞു. 'ദൈവത്തിന്റെ സ്വന്തം നാട്' സന്ദര്‍ശിക്കാനും കൊച്ചിയിലെത്തി ചിത്രം കാണാനും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡിനെ കോടതി ക്ഷണിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍നിന്ന് ചിത്രം കാണാന്‍ ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു.
മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്വേഷകരമായ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാകരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചത്. ജാനകി എന്ന പേര് മാറ്റണമെന്നതാണ് പ്രധാനം. ഇതിന് എതിരെയാണ് ഹര്‍ജിക്കാരുടെ ഹര്‍ജികള്‍.
https://www.facebook.com/Malayalivartha