ബ്രിട്ടീഷ് സംഘമെത്തിയ എയര്‍ ബസ് 400 മടങ്ങി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകരാറിനെ തുടര്‍ന്ന് ഇറക്കിയ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് സംഘത്തെ എത്തിച്ച വിമാനം മടങ്ങി. വൈകിട്ട് നാലരയോടെയാണ് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റായ എയര്‍ബസ് 400 ടേക്കോഫ് ചെയ്തത്. വിമാനത്തില്‍ എത്തിയ 14 അംഗ സംഘം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹോട്ടലിലേക്ക് തിരിച്ചു. ഇവര്‍ ഹോട്ടലില്‍ കുറച്ച് സമയം വിശ്രമിച്ചതിന് ശേഷം ഹാംഗര്‍ റൂമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഒമാനില്‍ നിന്നായിരുന്നു വിമാനം രാവിലെ തിരുവനന്തപുരത്ത് എത്തിയത്. മടക്ക യാത്രയും ഒമാനിലേക്ക് തന്നെയായിരിക്കുമെന്നാണ് സൂചന.
വിദഗ്ദ സംഘം തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ യുദ്ധവിമാനം എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയിരുന്നു. എയര്‍ ഇന്ത്യയുടെ മെയിന്റന്‍സ് ഹാന്‍ഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസമുണ്ടായിരുന്നത്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ചിറകുകള്‍ ഇളക്കിമാറ്റി വിമാനത്തില്‍ തിരികെകൊണ്ടുപോകുമെന്നാണ് വിവരം.
വിമാനം എയര്‍ലിഫ്റ്റിംഗ് നടത്തുകയാണെങ്കില്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ്, ഹാന്‍ഡ്‌ലിംഗ്, ലാന്‍ഡിംഗ് ഫീസുകള്‍ ബ്രിട്ടീഷ് സേന അടയ്ക്കും. വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. 115 ദശലക്ഷം ഡോളര്‍ (995 കോടി രൂപ) വിലയുള്ള വിമാനമാണിത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങള്‍ക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha