എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് 3.59 ലക്ഷം രൂപ പിഴ

എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്‍ മൂന്നാറിന് സമീപം ചിത്തിരപുരത്തെ കെ.എസ്.ഇ.ബിയുടെ ഐ.ബിയിലെ മുറി അനധികൃതമായി കൈവശം വച്ചത് 1,198 ദിവസം. വാടകയിനത്തില്‍ നല്‍കാനുള്ളത് 3,59,400 രൂപ. ഗണ്‍മാനില്‍ നിന്ന് ഇത് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടി ആരംഭിച്ചു.
ഐ.ബിയിലെ മൂന്നാംനമ്പര്‍ മുറിയാണ് വാടക നല്‍കാതെ ഉപയോഗിച്ചത്. കെ.എസ്.ഇ.ബി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് സി.എ.ജി ഓഫീസിലെ മുതിര്‍ന്ന ഓഡിറ്റ് ഓഫീസറും പരിശോധിച്ചു. 2016 നവംബര്‍ 26നാണ് മുറി അനുവദിച്ചത്. മന്ത്രിയുടെ ജീവനക്കാര്‍ക്ക് 30 രൂപയാണ് പ്രതിദിനവാടക. മണി മന്ത്രിയായിരുന്ന കാലത്തെ 1,237 ദിവസത്തെ വാടകയായ 37,110 രൂപ കെ.എസ്.ഇ.ബി വഹിച്ചു.
എന്നാല്‍, മന്ത്രിസ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണി എം.എല്‍.എയായ ശേഷവും ഗണ്‍മാന്‍ മുറി ഒഴിഞ്ഞില്ല. 2021 മേയ് 20 മുതല്‍ 2024 സെപ്തംബര്‍ 10വരെ 1,210 ദിവസത്തില്‍ 12 ദിവസം ഒഴികെ ഗണ്‍മാനാണ് കൈവശം വച്ചതെന്നാണ് ഐ.ബിയിലെ രേഖ. എം.എല്‍.എയുടെ ജീവനക്കാരന് ഇളവില്ല. സാധാരണ നിരക്കായ പ്രതിദിനം 300 രൂപയാണ് മുറിക്ക് നല്‍കേണ്ടത്.
ഇതുപ്രകാരം 3,59,400 രൂപ ഈടാക്കാന്‍ ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി. മുറി കൈവശംവച്ച വ്യക്തിയുടെ പേര് ഉത്തരവില്‍ പറയുന്നില്ല. നടപടികളുടെ ഭാഗമായി ഇയാള്‍ക്ക് നോട്ടീസ് നല്‍കും.
https://www.facebook.com/Malayalivartha