കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടില്ല

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പി എം ശ്രീ കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏപ്രില്‍ ഒന്നിനാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പഠന സാമഗ്രികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ലെന്നും ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്‌റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha