ആദിവാസി യുവാവ് മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്നാണെന്ന് ആരോപണം

വിതുരയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ആദിവാസി യുവാവ് ബിനു മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്നാണെന്ന് ആരോപണം. യൂത്ത് കോണ്‍ഗ്രസിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ബിനുവിന്റെ വീട്ടില്‍ മന്ത്രി ഒ.ആര്‍. കേളു സന്ദര്‍ശനം നടത്തി.
അതേസമയം, ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ലാല്‍ റോഷി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെ കേസെടുത്തു. അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞതിനും മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ബിനുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കയറ്റിയ ആംബുലന്‍സ് സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചെന്നാണ് സിപിഎം ആരോപണം. ആംബുലന്‍സ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും എഐവൈഎഫും ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് മണലി സ്വദേശി ബിനു മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ വിഷം കഴിച്ചത്. ബിനുവിനെ വിതുര ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കുകയായിരുന്നു. ആശുപത്രിയിലെ മോശം അവസ്ഥയിലുള്ള ആംബുലന്‍സ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിനുവിനെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് ആശുപത്രിയിലേക്കു കയറുന്ന വഴിയിലായിരുന്നു സമരം. ഈ ആംബുലന്‍സ് തടഞ്ഞെന്നാണ് ആരോപണം.
അതേസമയം, ആംബുലന്‍സ് തടഞ്ഞു എന്ന വാര്‍ത്ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിഷേധിച്ചു. സമരം നടക്കുമ്പോഴാണ് ആംബുലന്‍സ് വന്നത്. രോഗിയെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലേക്ക് കയറ്റിയത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. മറ്റ് ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധിന്‍ സുദര്‍ശന്‍ പറഞ്ഞു.
മറ്റ് ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്‍ഷുറന്‍സും ഫിറ്റ്‌നസുമുള്ള ആംബുലന്‍സാണ് ആശുപത്രിയിലേത്. ഇല്ലെന്നു തെറ്റായ ആരോപണം ഉന്നയിച്ചാണ് ആംബുലന്‍സ് തടഞ്ഞത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ മന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha