Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്തപുരത്തിന്റെ നീക്കം കേന്ദ്രം പൊളിച്ചതെങ്ങനെ? മതപണ്ഡിതന്റെ ലക്ഷ്യം ഇമേജ് ബിൽഡിങ്ങോ?

30 JULY 2025 12:38 PM IST
മലയാളി വാര്‍ത്ത
വെടക്കാക്കി തനിക്കാക്കുക എന്ന കാന്തപുരത്തിന്റെ വിദ്യ കേന്ദ്ര വിദേശകാര്യ മന്ത്രാലയം  പൊളിച്ചു. നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമവും നടത്തുന്നതിനിടയിലാണ് കാന്തപുരം ഒറ്റയ്ക്ക് ഗോളടിക്കാൻ ശ്രമിച്ചത്.    യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള കാന്തപുരത്തിന്റെ  അവകാശവാദങ്ങള്‍  കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയത് അങ്ങനെയാണ്. നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തു. വ്യക്തി എന്നാൽ കാന്തപുരമാണ്. 

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് നല്‍കിയ വിവരം. യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.

നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം അന്ന്‌ ആവശ്യപ്പെട്ടിരുന്നു.           നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നതിലുറച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വീണ്ടും രംഗത്ത് എത്തിയിരുന്നു.    വിഷയത്തിൽ ഇട​പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പേരെടുത്ത് പറഞ്ഞാണ് ഫത്താഹിന്റെ ഫേസ്ബുക് കുറിപ്പ് പുറത്തുവന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും എന്ന് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

മധ്യസ്ഥ ചർച്ചക്ക് ആരുമായാണ് ബന്ധപ്പെട്ടതെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കള്ളവാർത്തകൾ വീണ്ടും പ്രചരിക്കാതിരിക്കാൻ തലാലിന്റെ രക്തബന്ധുക്കളുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണ​മെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ സത്യത്തെ വളച്ചൊടിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

‘കുറ്റകൃത്യത്തിന് വീരപരിവേഷം നൽകി, അതിവൈകാരികത വളർത്തി, സത്യത്തെ തച്ചുടച്ചു കൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യൻ മാധ്യമങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു. സത്യത്തെ വളച്ചൊടിക്കുന്ന മാധ്യമരീതിയാണിത്. അസത്യത്തിന്റെ കച്ചവടമാണിത്. കാരുണ്യത്തിന്റെ പേരിൽ ചില ‘അഡ്വക്കേറ്റുമാർ’ നമ്മുടെ ചെലവിൽ വിജയികളാകാന്‍ ശ്രമിക്കുന്നു. ഒരു മനുഷ്യനെ ക്രൂരമായി കൊലചെയ്യുകയും ശരീരം വെട്ടിമുറിക്കുകയും ചെയ്തതിന്‍റെ വിലയാണിത്’ -അദ്ദേഹം തുടരുന്നു.

‘ബഹുമാന്യനായ മതപ്രഭാഷകന്റെ ഓഫീസിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങൾ സമാധാനത്തിന് സമ്മതിച്ചുവെന്ന് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചു. അത് പൂർണ്ണമായും തെറ്റായ വിവരമാണ്. ഞങ്ങൾ ഇത് വ്യക്തമായി പറയുന്നു: കാന്തപുരം എന്ന ദൈവഭക്തൻ വ്യക്തമാക്കണം – അദ്ദേഹവുമായി ബന്ധപ്പെട്ടത് ആര്? അവർ ഞങ്ങൾ രക്ത ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ള കള്ളവാർത്തകൾ വീണ്ടും പ്രചരിക്കാതിരിക്കാൻ ഈ കാര്യങ്ങൾ വ്യക്തമാക്കണം.      

അതുപോലെ തന്നെ, ആ വ്യക്തികളെയും ഞങ്ങളെയും ഏതെങ്കിലും ടെലിവിഷൻ ചാനലിലൂടെ ലൈവ് സംവാദം നടത്താൻ ഇത്തരക്കാരോട് കാന്തപുരം ആവശ്യപ്പെടണം. മനുഷ്യരഹിതമായ ക്രൂരതകൊണ്ട് സത്യത്തെ ഇല്ലായ്മചെയ്ത ഒരു കൊലയാളിയെ കരുണയോടെ കാണാൻ നമ്മുടെ ഇസ്‍ലാം ഒരിക്കലും അംഗീകരിക്കില്ല. മതത്തിന്റെ പേരിൽ ക്ഷമ ചോദിക്കാനും, അതിന്റെ മറവിൽ കുത്സിതമായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും അനുവാദമില്ല. ‘ബുദ്ധിമാന്മാരേ! പ്രതിക്രിയ ചെയ്യുന്നതിലാണ് ജീവൻ, നിങ്ങൾ ഭയഭക്തി ഉള്ളവരാകുവിൻ’ എന്നാണ് അല്ലാഹു പറയുന്നത്. അത് പോലെ തന്നെ, നീതിമൂല്യമുള്ള ഇസ്‍ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ യെമൻ ഭരണഘടനയും ന്യായവ്യവസ്ഥയും. കൊലയാളിക്കെതിരായ കോടതി വിധികളെ ആദരിക്കുകയും, ആ വിധിയിൽ ഉള്ള നീതിയെ സംരക്ഷിക്കുകയും ചെയ്യുന്നത് ബാധ്യതയാണ്. രക്തത്തിന്റെ അവകാശികളുടെ വേദനയും അവകാശവും ആദരിക്കുകയും അവരടയാളപ്പെടുത്തിയ ദൈവീക വിധിയെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നീതിയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ്’ -അദ്ദേഹം കുറിപ്പിൽ പറയുന്നു.   വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻഡോ. കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിൽ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയയാചിക്കാനാണ് കുട്ടി എത്തിയിരിക്കുന്നത്.    

വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വർഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേൽ അഭ്യർത്ഥനനടത്തിയത്. 'എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ദയവായി സഹായിക്കണം. അമ്മയെ കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു'- മിഷേൽ പറഞ്ഞു. നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസും അഭ്യർത്ഥന നടത്തി. 'ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം. സ്വന്തം നാട്ടിലെത്തിക്കാൻ സഹായിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. മിഷേലിനും പിതാവിനുമൊപ്പം ഡോ. കെ എ പോളും ഉണ്ടായിരുന്നു.

2017ലാണ് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തെ യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.   "വധശിക്ഷയ്ക്ക് വിധിച്ച്, 2017 മുതൽ യെമനിലെ ജയിലിലാണ് നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് ഉത്തരവ്. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബവും ആക്ഷൻ കൗൺസിലും പൊരുതുന്നതിനിടെയാണ് ഉത്തരവെത്തിയത്.പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറയിൽനിന്ന് നിമിഷപ്രിയ നഴ്സായി യമനിലെത്തുന്നത് 2008ലാണ്. പിന്നെ 2011ൽ കല്യാണം കഴിഞ്ഞു. വരൻ കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 2012ൽ നിമിഷയും ടോമിയും ഒരുമിച്ച് യെമനിലേക്ക് മടങ്ങി. ടോമിക്ക് യെമനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു. എന്നാൽ സ്വന്തമായൊരു ക്ലിനിക്ക് തുടങ്ങാനായിരുന്നു ഇരുവരുടേയും ആഗ്രഹം. പക്ഷേ, യെമൻ നിയമമനുസരിച്ച്, ഒരു യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് തുടങ്ങാനാവില്ല. ഈ നിയമം മറികടക്കാൻ ഇരുവരും കണ്ടെത്തിയ പോംവഴിയായിരുന്നു തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരൻ         നിമിഷ നഴ്സായി ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പതിവായെത്തിയുരുന്ന മഹ്ദിയുമായി ഇരുവരും സൗഹൃദത്തിലായി. ക്ലിനിക്ക് തുടങ്ങാൻ സഹായിക്കണമെന്ന ആഗ്രഹം പറഞ്ഞതും മഹ്ദി സമ്മതം മൂളി. മൂലധനമായി കയ്യിലിരുന്ന സർവ സമ്പാദ്യവും അവർ മഹ്ദിക്ക് കൈമാറി. ഇരുകൂട്ടരും പങ്കാളികളായി അൽ അമൻ എന്ന പേരിൽ മെഡിക്കൽ ക്ലിനിക്ക് ആരംഭിക്കുന്നത് അങ്ങനെയാണ്. പ്രിയയുടെ മകൾ മിഷേലിന്റെ മാമോദീസയിൽ പങ്കെടുക്കാനായി 2015ൽ മഹ്ദി കേരളത്തിലുമെത്തി. ബിസിനസ്സിന് കൂടുതൽ പണം ആവശ്യം വന്നതോടെ നിമിഷയും കുടുംബവും നാട്ടിലേക്ക് വന്നു. പിന്നീട് നിമിഷ ഒറ്റയ്ക്കാണ് യെമനിലേക്ക് തിരിച്ചുപോയത്. പിന്നാലെ ടോമിയും തിരിച്ചുപോകാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് യാത്ര മുടങ്ങി.    തുടക്കത്തിൽ മാന്യമായിട്ടായിരുന്നു മഹ്ദിയുടെ പെരുമാറ്റമെങ്കിലും പിന്നീട് സ്ഥിതി മാറി. നിമിഷ തന്റെ ഭാര്യയാണെന്ന് അയാൾ പലരെയും വിശ്വസിപ്പിച്ചു. ഇതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് വരെ ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് തുടങ്ങിയ ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹ്ദി ഒറ്റയ്ക്കെടുത്തു. സ്വർണമെടുത്ത് വിറ്റു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നിമിഷയുടെ പാസ്പോർട്ടും അയാൾ കൈക്കലാക്കി. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി ക്രൂരമായി മർദിച്ചു. നിമിഷയുടെ ക്ലിനിക്കിൽ സഹപ്രവർത്തകയായി ഹനാൻ എന്നൊരു യെമനി യുവതിയുണ്ടായിരുന്നു. മഹ്ദിയുടെ മർദനത്തിൽനിന്ന് അവർക്കും രക്ഷയുണ്ടായിരുന്നില്ല

വർഷം 2017. മഹ്ദിയുടെ ക്രൂരകൃത്യങ്ങളിൽ സഹികെട്ട് നിമിഷയ്ക്ക് ഹനാൻ ഒരു പോംവഴി പറഞ്ഞുകൊടുത്തു. മഹ്ദിയെ മരുന്നു കുത്തിവെച്ച് മയക്കി പാസ്പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടുക. അനസ്തേഷ്യ നൽകാനും, ഡിപ്രഷനുള്ള മരുന്നായും, പെയിൻ കില്ലറായുമെല്ലാം പല ഡോസുകളിൽ ഉപയോഗിക്കാറുള്ള കെറ്റാമിൻ എന്ന മരുന്ന് നിമിഷ മെഹ്ദിക്ക് കുത്തിവെച്ചു. എങ്ങനെയെങ്കിലും നാട്ടിലെത്താൻ ശ്രമിച്ച തന്നെ അതിർത്തിയിൽ വച്ച് പോലീസ് പിടികൂടി- ഇതാണ് നിമിഷ കോടതിയിൽ പറഞ്ഞത്. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ ബോധംകെടുത്തിയതെന്നും നിമിഷ കോടതിയിൽ വാദിച്ചു.

എന്നാൽ ഇതല്ല പോലീസ് ഭാഷ്യം. കുത്തിവെച്ച മരുന്നിന്റെ അളവ് പിഴച്ച് മഹ്ദി കൊല്ലപ്പെട്ടുവെന്നും മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ ഹനാന്റെ സഹായത്തോടെ വെട്ടിനുറുക്കി നിക്ഷേപിച്ചുവെന്നുമാണ് അന്വേഷകർ ആരോപിച്ചത്.മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ നിർബന്ധിച്ച് ഒപ്പിടുവിപ്പിച്ചു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല. മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് - തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും 2020ൽ യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖേന യെമൻ സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. യെമൻ രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമായിരുന്നു പിന്നീടുള്ള ഏക പോംവഴി. എന്നാൽ ഈ ഹരജിയും തള്ളിപ്പോയി.

നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. നിമിഷ കുറ്റം ചെയ്തിട്ടില്ലെന്നും അടിച്ചേൽപ്പിച്ചതാണെന്നുമാണ് കുടുംബം പറയുന്നത്. ശിക്ഷയിളവ് ലഭിക്കുന്നതിനായി അപ്പീൽ നൽകാൻ കുടുംബസ്വത്തടക്കം വിറ്റാണ് ബന്ധുക്കൾ കോടതിയിൽ പണം കെട്ടിവെച്ചത്. നിമിഷയുടെ അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ദയാഹർജി യെമൻ കോടതി തള്ളിയ വിവരംപോലൂം കുടുംബം അറിയുന്നത്. കേസ് ഉണ്ടായ ഉടൻ ഒരു അഭിഭാഷകനെ ഏർപ്പാടാക്കാൻ 50,000 ഇന്ത്യൻ രൂപ മകൾ ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലിക്ക് നിൽക്കുന്ന തനിക്ക് അന്നത് കൊടുക്കാൻ കഴിയാത്തതിന്റെ വേദന ആ അമ്മ പറഞ്ഞിരുന്നു. പിന്നീട് 2024 ഏപ്രിലിൽ മഹ്ദിയുടെ കുടുംബത്തെ കണ്ട് ദയ യാചിക്കാൻ അമ്മ യെമനിലുമെത്തി.

നിമിഷപ്രിയയുടെ മോചനത്തിനായി 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനായ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു കൗൺസിൽ രൂപീകരിച്ചത്. അഭിഭാഷകർ, മുൻ നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശത്തുള്ള ഇന്ത്യൻ പ്രതിനിധികൾ എന്നിവരെല്ലാം കൗൺസിലിന്റെ ഭാഗമായിരുന്നു. സർക്കാർ - സർക്കാരിതര സന്നദ്ധ സംഘടനകൾ, അന്താരാഷ്ട എജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് ഇതിന്റെ ദൗത്യം.യെമനിലെ മേൽക്കോടതികൾ വിചാരണ തുടങ്ങിയപ്പോൾ തന്നെ ആക്ഷൻ കൗൺസിൽ ഇന്ത്യൻ സർക്കാർ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് യെമനിലെ തന്നെ മുതിർന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി. ദിയാധനം നൽകി കേസ് അവസാനിപ്പിക്കാനായി തലാൽ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചർച്ചകൾക്കും ആക്ഷൻ കൗൺസിലാണ് നേതൃത്വം നൽകുന്നത്.

നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. നിമിഷപ്രിയയുടെ കേസിൽ നേരിട്ട് ഇടപെടാനാവില്ലെന്നും എന്നാൽ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് സംസ്ഥാനസർക്കാറും കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. നിമിഷയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലടക്കം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള നിരവധി നേതാക്കൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ദിയാധനം നൽകിയാൽ മോചനം സാധ്യമാണെങ്കിൽ അത് നൽകാൻ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നൽകിയിരുന്നു.

ഉയർന്ന വധശിക്ഷാ നിരക്കിന് പേരുകേട്ട രാജ്യമാണ് യെമൻ. പ്രായപൂർത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യങ്ങളിൽ വിചാരണ ചെയ്യപ്പെടുന്ന വ്യക്തികളെയും അടക്കം ഇവിടെ വധശിക്ഷയ്ക്ക് വിധേയമാക്കാറുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും രാജ്യത്തെ നടപടിക്രമ ലംഘനങ്ങൾ, നിർബന്ധിത കുറ്റസമ്മതം, പരിമിതമായ നിയമസഹായം എന്നിവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ന്യായമായ വിചാരണ മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ വധശിക്ഷകൾ നിർത്തണമെന്ന് യുഎൻ വിദഗ്ധർ യെമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരീഅത്ത് തത്വങ്ങളുള്ള ക്രിമിനൽ കോടതികൾക്ക് കീഴിലാണ് യെമനിലെ വിചാരണകൾ നടക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കേസുകളിൽ, വിധിന്യായങ്ങൾ പലപ്പോഴും പുരുഷ സാക്ഷികളുടെ മൊഴിയെയും കുറ്റസമ്മതത്തെയും ആശ്രയിച്ചിരിക്കും. പ്രതികൾക്ക് ഒന്നിലധികം തലങ്ങളിൽ അപ്പീൽ നൽകാം. യെമൻ സുപ്രീം കോടതി അവലോകനം ചെയ്യും. യെമൻ പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഒരു വധശിക്ഷയും നടപ്പിലാക്കാൻ കഴിയില്ല. നിമിഷപ്രിയയുടെ കാര്യത്തിൽ പ്രസിഡന്റും അനുമതി നൽകി കഴിഞ്ഞു.

പിന്നെ ആകെയുള്ള വഴി ബ്ലഡ് മണിയാണ്. ഇസ്ലാമിക നിയമമനുസരിച്ച്, കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. കൊലപാതകത്തിന്റെ കാര്യത്തിൽ, ഈ തത്വം ഇരകളുടെ കുടുംബങ്ങൾക്ക് ബാധകമാണ്. നഷ്ടപരിഹാരം നൽകുന്നതിന് പകരമായി ഇരയുടെ കുടുംബത്തിന് പ്രതിക്ക് മാപ്പ് നൽകാം. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാര നീതി ഉറപ്പാക്കുന്നതിനൊപ്പം ക്ഷമയുടെ ഗുണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയമെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. പ്രതിയുടെ കുടുംബമോ പ്രതിനിധികളോ ഇരയുടെ കുടുംബമായുള്ള ചർച്ചയിലൂടെയാണ് സാധാരണയായി തുക നിശ്ചയിക്കുന്നത്. ഇത് പലപ്പോഴും സ്വകാര്യമായിരിക്കും.

കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനൽകാൻ തയ്യാറായാൽ മാത്രമേ മോചനം സാധ്യമാവൂ. നിമിഷപ്രിയയുടെ കേസിൽ വധശിക്ഷയിൽ നിന്ന് വിടുതൽ ലഭിക്കാൻ 10 ലക്ഷം ഡോളർ ദിയാധനമായി നൽകാമെന്നാണ് ഏറ്റവുമൊടുവിൽ യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചത്. എന്നാൽ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങൾ മാപ്പു നൽകുന്നതിനോട് വിയോജിച്ചിരിക്കുകയാണെന്നാണ് വിവരം. മിക്ക കേസുകളിലും വെടിവച്ചാണ് വധശിക്ഷ നടപ്പിലാക്കുന്നത്. സാധാരണയായി ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കുന്നത്, എന്നാൽ ചില സന്ദർഭങ്ങളിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.    മെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യൻ എംബസിയോ ഇല്ല. യെമെനിൽ ആഭ്യന്തരപ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് 2016 മുതൽ ഇന്ത്യയിൽനിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. എംബസിയുടെ പ്രവർത്തനങ്ങൾ യെമനിൽ കാര്യമായി ഇല്ല. ഗോത്രസമുദായങ്ങളാണ് അവിടെ കാര്യങ്ങള് തീരുമാനിക്കുന്നത്. തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂത്തി അധികാരികളുമായി ഇന്ത്യയ്ക്ക് ഔപചാരിക ബന്ധമില്ല. ഇത് നയതന്ത്ര ഇടപെടൽ സങ്കീർണ്ണമാക്കുന്നുണ്ട്. ഇതിനിടെ വിദേശകാര്യ മന്ത്രാലയം ഇറാന്റെ പങ്കാളിത്തം തേടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വിദേശകാര്യ മന്ത്രാലയവും സർക്കാരും നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ 'സാധ്യമായ എല്ലാ സഹായവും' തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന്റെ കെ.സി. വേണുഗോപാലും സിപിഎമ്മിന്റെ കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി മോദിയോട് അടിയന്തര നയതന്ത്ര നടപടിക്കായി പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെടുന്ന ഹർജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.   കേന്ദ്ര സർക്കാർ നിരവധി മാർഗങ്ങളിലൂടെ നിമിഷപ്രിയക്ക്  വേണ്ടി വാദിക്കുമ്പോഴാണ് കാന്തപുരം കേന്ദ്ര സർക്കാരിനെ വെടക്കാക്കാൻ ഇറങ്ങി തിരിച്ചത്. ഇതാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ പ്രകോപിപ്പിച്ചത്. ഇല്ലെങ്കിൽ കാന്തപുരത്തിനെതിരെ പ്രസ്താവനയുമായി കേന്ദ്ര സർക്കാർ രംഗത്തു വരില്ലായിരുന്നു. കാരണം കാന്തപുരത്തിന്റെ നടപടികൾ മോചനശ്രമത്തെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്രത്തിനറിയാം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (25 minutes ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (38 minutes ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (43 minutes ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (58 minutes ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (1 hour ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (1 hour ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (2 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (9 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (9 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (10 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (10 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (11 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (11 hours ago)

Malayali Vartha Recommends