പാലോട് മൈലമൂട്ടിലെ കൊടുംവളവ് 'സുമതി വളവ്' ആയി മാറിയ കഥ

തലസ്ഥാന ജില്ലയിലെ പാലോടില്‍ കഥയായും പാട്ടായും പ്രചരിച്ച് പിന്നീട് പനപോലെ വളര്‍ന്ന സുമതിയെന്ന 'യക്ഷിയുടെ കഥ'. കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയ സുമതിയെന്ന യുവതിയുടെ പ്രേതം അലഞ്ഞു തിരിയുന്നെന്നായിരുന്നു കഥ. കാട്ടിലൂടെയുള്ള റോഡില്‍ മൈലമൂട്ടിലെ കൊടുംവളവില്‍ അവളെ കണ്ടതായി ചിലര്‍ പറഞ്ഞുപരത്തി. വളവിലെത്തുമ്പോള്‍ വാഹനം കേടാകുമെന്നായിരുന്നു മറ്റൊരു പ്രചരണം. പറഞ്ഞു പഴകി ഒടുവില്‍ സുമതിയൊരു വളവായി, സുമതി വളവ്! പാലോടിനടുത്തുള്ള ഈ വളവ് കാലങ്ങളോളം ആളുകളെ പേടിപ്പിച്ചു. ഒടുവില്‍ എഐയുടെ (നിര്‍മിതബുദ്ധി) കാലത്ത്, സുമതിയേക്കാള്‍ രൂപഭംഗിയുള്ള പ്രേതങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത്, ആ വളവൊരു ടൂറിസ്റ്റ് കേന്ദ്രമായി, സിനിമയ്ക്ക് പ്രചോദനവുമായി.
1953 ജനുവരി 27നാണ് സുമതിയെന്ന യുവതി പാലോട് മൈലമൂടിനടുത്തുള്ള വളവില്‍ കൊല്ലപ്പെട്ടത്. ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു സുന്ദരിയായ സുമതി. വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി. വിവാഹം കഴിക്കണമെന്ന് അവള്‍ വാശിപിടിച്ചപ്പോള്‍ കാമുകന്റെ മനസ്സില്‍ പകയെരിഞ്ഞു. ഉല്‍സവം കാണിക്കാമെന്നു പറഞ്ഞു ഒരു അംബാസഡര്‍ കാറില്‍ കൊണ്ടുപോയ സുമതിയെ കാമുകനും കൂട്ടുകാരനും ചേര്‍ന്നു കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഈറ്റ വെട്ടാന്‍ പോയവരാണു കൊടും വളവിനടുത്തെ മരത്തില്‍ ചാരിയിരുത്തിയ നിലയില്‍ സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ആറു മാസം കഴിഞ്ഞു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതി രണ്ടുപേരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു.
മരിക്കുമ്പോള്‍ സുമതിയുടെ പ്രായം 19. സുമതിയുടെ പ്രേതം ഈ പ്രദേശത്ത് അലഞ്ഞുനടക്കാറുണ്ടെന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കൊലപാതകത്തിനുശേഷം സുമതിയുടെ പേരില്‍ പാട്ടു പുസ്തകം ഇറങ്ങി. പാങ്ങോട്, കല്ലറ തുടങ്ങിയ ചന്തകളില്‍ പാട്ടുകാര്‍ പ്രേതകഥ പാടിനടന്നു. വാഹന യാത്രികരായിരുന്നു പ്രേതകഥകളുടെ മുഖ്യ പ്രചാരകര്‍. വെള്ളവസ്ത്രം ധരിച്ച, സുമതിയുടെ പ്രേതം അലഞ്ഞുനടക്കുന്നുവെന്ന കഥകളായിരുന്നു ആദ്യകാലങ്ങളില്‍ കേട്ടുകൊണ്ടിരുന്നത്. ഈ വളവിലെത്തിയാല്‍ വാഹനങ്ങളുടെ എന്‍ജിന്‍ തനിയേ ഓഫാകുമെന്നും ടയര്‍ പഞ്ചറാകുമെന്നും ലൈറ്റുകള്‍ അണയുമെന്നുമായിരുന്നു മറ്റു ചിലരുടെ കണ്ടുപിടിത്തം. പൊടിപ്പും തൊങ്ങലുംവച്ച ഇത്തരം പ്രേതകഥകള്‍ ഇന്റര്‍നെറ്റിലൂടെ കാട്ടുതീപോലെ കത്തിപ്പടര്‍ന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നു നാട്ടുകാര്‍ പറയുന്നു. സുമതിയുടെ 'പ്രേതം' ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.
പാലോടുനിന്ന് 4 കിലോമീറ്റര്‍ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് വരുമ്പോള്‍ പാലോട് ജംക്ഷനില്‍നിന്ന് കല്ലറ–പാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് സ്ഥലം. പകല്‍പോലും പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ഇവിടെ. കാലം മാറിയതോടെ റോഡുംനാടും വികസിച്ചു. രാത്രിയിലും റോഡില്‍ ആള്‍സഞ്ചാരമായി. സുമതിയുടെ കഥ പ്രചരിച്ചതോടെ പലരും കൂട്ടുകാരോട് വെല്ലുവിളിച്ച് ധൈര്യം പരീക്ഷിക്കാന്‍ സ്ഥലത്തെത്തി. ഇപ്പോള്‍ റീല്‍സെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്താറുണ്ടെന്ന് പൊലീസ് പറയുന്നു. സുമതി വളവ് സിനിമ ഇറങ്ങിയതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. 'പ്രേതകഥയെ മുതലെടുത്തവരുണ്ട്. വെള്ള വസ്ത്രം ധരിച്ച് സ്ത്രീകളെ കൊണ്ടുവന്ന് പണം തട്ടിയെടുത്ത സംഭവങ്ങള്‍ പണ്ട് കേട്ടിട്ടുണ്ട്'–പൊതുപ്രവര്‍ത്തകനായ മനോജ് പറയുന്നു.
https://www.facebook.com/Malayalivartha