മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു

കൊച്ചിയിലെ കുണ്ടന്നൂര്‍ ജംക്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി എത്തിയ യുവാവിന്റെ പരാക്രമം. യുവാവ് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന മഹേഷ് സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കാറില്‍ വരുമ്പോഴായിരുന്നു അപകടം. കുണ്ടന്നൂര്‍ ജംക്ഷനിലെ രാത്രികാല കടകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി ചായ കുടിക്കുന്ന ഒട്ടേറപ്പേരുണ്ട്. ഇത്തരത്തില്‍ എത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാര്‍ പാഞ്ഞുകയറിയത്.
ഇടിയേറ്റ വാഹനങ്ങളില്‍ മിക്കതിനും വലിയ തോതില്‍ കേടുപാടുകളുണ്ടെങ്കിലും ആളപായം സംഭവിച്ചിട്ടില്ല. വാഹനാപകടം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കാറിനു പുറത്തിറങ്ങിയ മഹേഷ് നാട്ടുകാരെ തെറിവിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഉടന്‍ തന്നെ ഇയാളെ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്ത ശേഷം മരട് പൊലീസ് മഹേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha