എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായും, നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.1995ലെ ആര്‍പിഡബ്ലിയു ആക്ട് പ്രകാരം മൂന്ന് ശമാനവും, 2016ലെ ആര്‍പിഡബ്ലിയു ആക്ട് പ്രകാരം നാല് ശതമാനവും സംവരണം ഭിന്നശേഷിക്കാര്‍ക്ക് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് 1996 മുതല്‍ 2017 വരെ മൂന്ന് ശതമാനം സംവരണവും പിന്നീട് നാല് ശതമാനം സംവരണവും നടപ്പാക്കേണ്ടത്.
ഭിന്നശേഷി നിയമനങ്ങള്‍ക്കായി സംസ്ഥാനതല ജില്ലാതല സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. ഈ സമിതികളുടെ പ്രവര്‍ത്തനം ഈ മാസം 25ന് ആരംഭിക്കും. ഒരു മാസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ കഴിയും. ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയ ശേഷം താല്‍ക്കാലികമായി നിയമനം ലഭിച്ച മറ്റ് അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉള്‍പ്പെടെ ഇതുവരെ 1100ല്‍ പരം ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബര്‍ 18നും 2021 നവംബര്‍ 8നും ഇടയിലെ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് പ്രൊവിഷണലായും അതിനുശേഷം നിയമിക്കപ്പെട്ടവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നല്‍കും. ഇവരുടെ നിയമനങ്ങള്‍, ഭിന്നശേഷി നിയമനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണല്‍ നിയമനം ലഭിച്ചവര്‍ക്ക് പെന്‍ നമ്പര്‍, കെ.എ.എസ്.ഇ.പി.എഫ്. അംഗത്വം എന്നിവ നല്‍കാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) നല്‍കിയ ഹര്‍ജിയില്‍ ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവച്ച തസ്തികകള്‍ ഒഴികെയുള്ള ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിധി എന്‍.എസ്.എസ്. മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha