തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി

കേരളത്തില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പൂര്‍ണ വലുപ്പത്തിലുള്ള മൂന്നാമത്തെ മാള്‍ ഉയരാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രവാസി വ്യവസായി എംഎ യൂസഫലി. തൃശൂര്‍ നഗരത്തില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ചിലരുടെ അനാവശ്യ ഇടപെടല്‍ കാരണം ഇത് വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2022ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് തൃശൂരിലെ ലുലു മാള്‍ പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അതിലെ ഒരു നേതാവിന്റേയും ഇടപെടല്‍ കാരണം പദ്ധതി അനാവശ്യമായി വൈകുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 3000 പേര്‍ക്ക് ജോലി കിട്ടുമായിരുന്ന പദ്ധതിയാണ് തൃശൂരിലെ ലുലു ഷോപ്പിംഗ് മാളിലൂടെ ആവിഷ്‌കരിച്ചത്. തൃശ്ശൂര്‍ ചിയ്യാരത്ത് തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശ്ശൂരില്‍ ലുലുവിന്റെ മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha