ഇന്ന് വിനായകചതുര്‍ത്ഥി....ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം... ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസമാണ് വിനായകചതുര്‍ത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാല്‍ അസാധ്യമായ കാര്യങ്ങള്‍ വരെ നടക്കും. ചിങ്ങത്തിലെ കറുത്തവാവിനെ തുടര്‍ന്ന് വരുന്ന നാലാമത്തെ ദിവസമാണ് അതായത് ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കപ്പെടുന്നത്.
ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ വിശേഷ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്.
ചില വര്‍ഷങ്ങളില്‍ വിനായക ചതുര്‍ത്ഥിയും ഗണപതി ഭഗവാന്റെ ജന്മനക്ഷത്രമായ അത്തവും ഒന്നിച്ച് വരാറുണ്ട്. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ എല്ലാ വിഘ്നവുമകലുന്നതാണ്.
വ്രതം നോല്‍ക്കാന്‍ കഴിയാത്തവരും അന്നേ ദിവസം മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. ഈ ദിവസം നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനയ്ക്കും അപാര ഫലസിദ്ധിയുണ്ട്.
വ്രതമെടുക്കുമ്പോള്‍ മത്സ്യ മാംസാദികള്‍ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങള്‍ ജപിച്ചും വ്രതമെടുക്കേണ്ടതാണ്. വിനായക ചതുര്‍ത്ഥി വ്രതമെടുക്കുന്നത് ശ്രേഷ്ഠമാണ്. യഥാവിധി വ്രതം നോറ്റാല്‍ ഫലപ്രാപ്തി വര്‍ദ്ധിക്കും. അഭീഷ്ട സിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങി എല്ലാ ഗുണാനുഭവങ്ങളും അതി വേഗം ലഭിക്കും.
ചതുര്‍ത്ഥിയുടെ തലേദിവസം മുതല്‍ വ്രതമെടുക്കണം. വിനായക ചതുര്‍ത്ഥിയുടെ മൂന്നു ദിവസം മുന്‍പ് മുതല്‍ വ്രതനിഷ്ഠ പാലിക്കുന്ന ആചാരവും നിലവിലുണ്ട് മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം, ചതുര്‍ത്ഥി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി പ്രധാന ദേവതയായ ക്ഷേത്രത്തിലോ ഗണപതി ഉപദേവതയായ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തൊഴുത് പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ സമര്‍പ്പിക്കുകയും വേണം.. ഗണപതിഹോമത്തില്‍ പങ്കുചേരണം. വീട്ടില്‍ മടങ്ങിയെത്തി ഗണേശപുരാണമോ കീര്‍ത്തനങ്ങളൊ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉത്തമമാണ്.
ചതുര്‍ത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ വ്രതം നോറ്റാല്‍ അടുത്ത വിനായക ചതുര്‍ത്ഥി വരെ ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ എല്ലാ വിഘ്‌നവും നീങ്ങി അഭീഷ്ട സിദ്ധിയുണ്ടാകും എന്നാണ് വിശ്വാസമുള്ളത്.
"
https://www.facebook.com/Malayalivartha