സ്‌കൂള്‍ ബസുകളടക്കമുള്ള പൊതുവാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.സി) നടപടി ശരിവച്ച് ഹൈക്കോടതി

സ്‌കൂള്‍ ബസുകളടക്കമുള്ള പൊതുവാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.സി) നടപടി ശരിവച്ച് ഹൈക്കോടതി .
പൊതുജന താത്പര്യം കൂടി കണക്കിലെടുത്തുള്ള തീരുമാനത്തിനെതിരായ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇതു സംബന്ധിച്ച ഹര്‍ജികള്‍ തള്ളുകയായിരുന്നു.
അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ ആവശ്യമാണ്. സംസ്ഥാനത്ത് 2023 മുതല്‍ 2025 വരെ പൊതുവാഹനങ്ങള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങളുണ്ടായെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ഉടമയും ഡ്രൈവറും കണ്ടക്ടറും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) എടുക്കുക, വാഹനത്തിനു മുന്നിലും അകത്തും പിന്നിലും ക്യാമറകള്‍ സ്ഥാപിക്കുക, റെക്കാര്‍ഡറോടു കൂടിയ ജിയോ ഫെന്‍സിംഗ് സംവിധാനമൊരുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ ജനുവരി 24നാണ് എസ്.ടി.എ ഉത്തരവിട്ടത്.
ഇത്തരം നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും എസ്.ടി.സിക്ക് അല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, പൊതുജനങ്ങളുമായി യാത്ര ചെയ്യുന്ന ബസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കി കോടതി .
https://www.facebook.com/Malayalivartha