ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇത് പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കോടതിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ശില്പങ്ങളിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ക്ക് കേടുപാടുള്ളതിനാല്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞത്. തന്ത്രിയുടെ അനുമതിയും അനുജ്ഞയും വാങ്ങിയിട്ടുണ്ട്. ഇതിന് സ്‌പെഷ്യല്‍ കമ്മിഷണറുടെ അനുമതി വേണ്ട. ശബരിമല അസി.എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസന്‍, തിരുവാഭരണം സ്‌പെഷ്യല്‍ കമ്മിഷണര്‍ റെജിലാല്‍, ദേവസ്വം വിജിലന്‍സ് എസ്.ഐ. രാഖേഷ്, വിജിലന്‍സില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം സ്മിത്ത്, രണ്ട് ദേവസ്വം ഗാര്‍ഡുമാര്‍, സ്വര്‍ണപ്പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്‌പോണ്‍സറുടെ പ്രതിനിധി എന്നിവരാണ് ചെന്നൈയിലേക്ക് പോയത്. സുരക്ഷിത വാഹനത്തിലാണ് യാത്രയെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
2023 മുതല്‍ ദ്വാരപാലകരുടേയും സോപാനപടികളുടേയും വാതിലുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് താന്ത്രിക നിര്‍ദ്ദേശത്തെതുടര്‍ന്ന് വാതിലുകളുടെ പണികള്‍ നടത്തിയിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും നിറംമങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന താന്ത്രികനിര്‍ദ്ദേശം വീണ്ടും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓണം പൂജകള്‍ കഴിഞ്ഞ് നടയടക്കുന്ന ദിവസം കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകള്‍ നടത്തി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha