റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം. കുളൂരിന് സമീപം ദേശീയപാത 66ലാണ് അപകടം നടന്നത്. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്. യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
മാധവി ജോലിക്ക് പോവുകയായിരുന്നു. കുളൂരിനും ബംഗ്ര കുളൂരിനും ഇടയില്‍ ഗോള്‍ഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്‌സിന് സമീപമുള്ള റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. മാധവി റോഡിലേക്ക് വീണതിന് പിന്നാലെ പുറകില്‍ നിന്നെത്തിയ ലോറി അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മാധവി മരിച്ചു. കുന്‍ദികനയിലെ എജെ ആശുപത്രിയില്‍ ആയിരുന്നു മാധവി ജോലി ചെയ്തിരുന്നത്. മീനുമായി പോയ ലോറിയാണ് മാധവിയുടെ ശരീരത്തില്‍ക്കൂടി കയറിയത്.
റോഡിലെ കുഴിയില്‍ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദിവസവും നിരവധിപേര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലവട്ടം പരാതിപ്പെട്ടിട്ടും റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍, മാധവിയുടെ മരണത്തിന് പിന്നാലെ അധികൃതരെത്തി റോഡിലെ കുഴികളടച്ചു. യുവതിയുടെ മരണത്തില്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha