വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍

ജനവാസമേഖലയിലിറങ്ങുന്ന് ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാവുന്നതാണ്.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല.
പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്ന് കണ്ടാല്‍ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
ഇപ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണെമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കയില്ല.
അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്.
https://www.facebook.com/Malayalivartha