ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍

മദ്യത്തിന്റെ ലഹരിയില്‍ പിതാവ് കാണിച്ച ക്രൂരതയില്‍ തനിച്ചായത് മൂന്ന് കുരുന്നുകള്‍. പത്തനംതിട്ട പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശാരിയുടെയും (35) ജയകുമാറിന്റെയും മക്കളായ പത്ത് വയസുകാരി ആവണിയും ആറും നാലും വയസുള്ള വേണിയും ശ്രാവണിയുമാണ് ഈ ഹതഭാഗ്യര്‍.
ആവണി പുല്ലാട് എസ്.വി.എച്ച്.എസ്.എസ് ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വേണി കുറുങ്ങഴ ഗവ.എല്‍.പി.എസില്‍ രണ്ടാംക്ലാസിലും ശ്രാവണി അങ്കണവാടിയിലുമാണ്. ആഗസ്റ്റ് 2ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തങ്ങളുടെ മുന്നിലിട്ട് അമ്മയെ കുത്തിക്കൊല്ലുന്നത് നിലവിളിച്ചുകൊണ്ട് കണ്ടുനില്‍ക്കാനേ ആ മക്കള്‍ക്ക് കഴിഞ്ഞുള്ളൂ.
മദ്യപിച്ച് ബഹളംവയ്ക്കാറുള്ള ജയകുമാര്‍ ശാരിയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമായത്. തടയാന്‍ ശ്രമിച്ച ശാരിയുടെ പിതാവ് ശശിക്കും അദ്ദേഹത്തിന്റെ സഹോദരി രാധാമണിക്കും മാരകമായി കുത്തേറ്റു. വയറിനും നെഞ്ചിനുമാണ് മൂവര്‍ക്കും കുത്തേറ്റത്. മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അടുത്തദിവസം ശാരി മരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ജയകുമാര്‍ കസ്റ്റഡിയിലുമായി.
ശാരിയുടെ കുടുംബവീട്ടില്‍ താമസിച്ചാണ് കവിയൂര്‍ സ്വദേശിയായ ജയകുമാര്‍ കൂലിപ്പണിക്ക് പോയിരുന്നത്. മുമ്പും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ജയകുമാറിനെ താക്കീത് നല്‍കി വിട്ടയച്ചു.
ആശ്രയം ശാരിയുടെ രക്ഷിതാക്കള്‍
ശാരിയുടെ രക്ഷിതാക്കളാണ് കുട്ടികളെ ഇപ്പോള്‍ സംരക്ഷിക്കുന്നത്. കുത്തേറ്റതിനാല്‍ പിതാവ് ശശിക്ക് ജോലിക്ക് പോകാനാകുന്നില്ല. അമ്മ സാവിത്രിയും കുട്ടികളെ തനിച്ചാക്കി പുറത്തുപോകാറില്ല. രണ്ടു മുറി മാത്രമുള്ള ചെറിയ വീട്ടിലാണ് കുട്ടികളുമായി ശശിയും സാവിത്രിയും താമസിക്കുന്നത്. ശാരിയുടെ സഹോദരന്‍ ശരത്തും നാട്ടുകാരും സ്‌കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും സഹായിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവിനും സഹായം വേണം. ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശാരിക്ക് ബാദ്ധ്യതകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
ജോണ്‍സണ്‍ പുല്ലാട്,
പഞ്ചായത്തംഗം
https://www.facebook.com/Malayalivartha