അരുന്ധതി റോയി പുക വലിക്കുന്ന പുസ്തകത്തിന്റെ മുഖചിത്രം നീക്കണം: പെണ്‍പിള്ളേരെയും, കൊച്ചുകുട്ടികളെയും പുകവലിപ്പിക്കാന്‍ പ്രേരണ നൽകുന്ന ചിത്രമെന്ന് വിമർശനം...

വിഖ്യാത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും അവരുടെ പുകവലിയും ആകെ വിവാദത്തിലായിരിക്കുന്നു. അമ്മ മേരി റോയിയെക്കുറിച്ച് എഴുതിയ മദര്‍ മേരി എന്ന പുസ്തകത്തിന്റെ കവറില്‍ അരുദ്ധതി റോയി പുക വലിച്ചു വിടുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. പെണ്‍പിള്ളേരെയും ഇക്കാലത്തെ കൊച്ചുകുട്ടികളെയും പുകവലിപ്പിക്കാന്‍ പ്രേരണ നല്‍കുന്നതാണ് ഈ ചിത്രമെന്നാണ് പരക്കെ വിമര്‍ശനം ഉയരുന്നത്. അരുന്ധതി റോയി ആരുമാകട്ടെ പിള്ളേരെ പിഴപ്പിക്കുന്ന ചിത്രം ഒഴിവാക്കാതെ പുസ്തകം വില്‍ക്കാന്‍ പറ്റില്ലെന്ന നിലപാട് കോടതി സ്വീകരിക്കുമോ എന്നതാണ് പുറത്തുവരാനുള്ളത്.
നാട്ടിലെ കൊച്ചു കുട്ടികള്‍ വരെ കഞ്ചാവ് വലിക്കുന്ന സാഹചര്യത്തില്‍ വലിക്കാത്തവരെ വഴി പിഴപ്പിക്കുന്ന ഇത്തരമൊരു ചിത്രം വായനക്കാരില്‍ ഉളവാക്കാവുന്ന വികാരമാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. അരുന്ധതി റോയി പുക വലിക്കുന്ന പുസ്തകത്തിന്റെ മുഖചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്തകത്തിന്റെ കവര്‍പേജില്‍ നല്‍കാതെയാണ് അച്ചടിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.സിനിമയില്‍ വരെ പുകവലി, മദ്യപാന രംഗങ്ങള്‍ ഒഴിവാക്കുന്ന ഇക്കാലത്ത് അരുന്ധതിയെപ്പോലൊരാള്‍ ഇങ്ങനെയൊരു ചിത്രം പരസ്യമാക്കാമോ എന്നതാണ് പ്രസക്തമായ ചോദ്യം.
കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഹര്‍ജി. ലോകമറിയുന്ന എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗരറ്റ്‌സ് ആന്‍ഡ് ടുബാക്കോ പ്രോഡക്ടസ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ എ രാജസിംഹന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനോടുമാണ് കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിശദീകരണം തേടിയിട്ടുളളത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസമാണ് അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ മദര്‍ മേരി കംസ് ടു മീ എന്ന പുസ്തകം പുറത്തിറങ്ങിയത്. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അച്ഛന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയ വ്യവഹാരിണിയുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി. ഇത്തരത്തില്‍ മേരി റോയിയും ബുക്കര്‍ പ്രൈസ് ജേതാവെന്ന നിലയില്‍ അരുദ്ധതി റോയിയും ഏറെ പ്രശസ്തരാണ്.
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിര്‍ദ്ദേശം എല്ലായിടത്തും നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പുസ്തക കവറില്‍ പാലിച്ചിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എഴുത്തുകാരിയെയും പ്രസാധകരെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഈ മാസം 25ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. മേരി റോയിയുടെ മകള്‍ എന്നതിനെക്കാള്‍ ബുക്കര്‍ പ്രൈസ് ജേതാവ് എന്ന നിലയിലാണ് അരുന്ധതി റോയി ഏറെ അറിയപ്പെടുന്നത്. കോട്ടയം അയ്മനത്തെ ബാല്യകാല ജീവിതം ഇതിവൃത്തമാക്കിയ നോവലാണ് ബുക്കര്‍ പ്രൈസ് നേടിയ ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്.
ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. 1997ലാണ് ഇവര്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. കോട്ടയം, അയ്മനം സ്വദേശിനിയായ മേരി റോയിയുടെയും ബംഗാളിയായ രാജീബ് റോയിയുടെയും പുത്രിയായി 1961ലാണ് അരുന്ധതി റോയി മേഘാലയത്തിലെ ഷില്ലോംഗില്‍ ജനിച്ചത്. എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തകയും വാഗ്മിയുമാണ് അരുന്ധതി റോയ്. ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷനാണ് അരുന്ധതിയുടെ ഭര്‍ത്താവ്.
അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് അക്കൊല്ലം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു. നോവല്‍ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ മൂന്നര ലക്ഷത്തിലധികം കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് ഈ നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടുണ്ട്. അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വര്‍ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്‌നേഹിച്ച് രാത്രികാലങ്ങളില്‍ അയ്മനം വഴി ഒഴുകുന്ന മീനച്ചില്‍ ആറിന്റെ തീരത്ത് സ്ഥിരമായി കണ്ടുമുട്ടിയിരുന്നു.
ഈ ബന്ധം മനസിലാക്കിയ സവര്‍ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് ഒരു കള്ളക്കേസില്‍ കുടുക്കി പോലീസ് ഇന്‍സ്‌പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് കഥയുടെ ചുരുക്കം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഈ പുസ്തകം ഒട്ടുംതന്നെ രുചിച്ചില്ല. ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി മുദ്രകുത്തി. ബൂര്‍ഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ അക്കാലത്ത് വിലയിരുത്തിയത്.
https://www.facebook.com/Malayalivartha