സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകള്‍ നടത്താനാണ് തീരുമാനം

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകള്‍ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. വിവാദത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ 1999ല്‍ ദ്വാരപാലക ശില്പത്തില്‍ സ്വര്‍ണ്ണം പൊതിഞ്ഞെങ്കില്‍ പിന്നെന്തിന് 20വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണ്ണം പൂശി. പൂശിയത് സ്വര്‍ണ്ണത്തിലോ അതോ ചെമ്പിലോ? ഹൈക്കോടതിയുടെ ഈ സംശയങ്ങളിലൂന്നിയുള്ള ചോദ്യങ്ങള്‍ വഴിതുറന്നത് ശബരിമലയില്‍ നടന്ന വലിയ തട്ടിപ്പിലേക്കെന്നാണ് നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍. വിവാദത്തില്‍ വ്യക്തത വരുത്താന്‍ എസ് പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയാണ് കോടതി അന്വേഷണത്തിന് ആദ്യം നിയോഗിച്ചത്.
എന്നാല്‍ ഈ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ ഗുരുതര കണ്ടെത്തലുകള്‍ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ കോടതി നേരിട്ട് നിയോഗിച്ചത്. ഇന്ന് ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി കോടതിയില്‍ ഹാജരാക്കി. ഗുരുതര വീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയായ എ ഡി ജി പി എച്ച് വെങ്കിടേശ് സംഘത്തലവന്‍. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പൊലീസ് അക്കാദമി അസിസ്റ്റന്‍ഡ് ഡയറക്ടറായ എസ് പി എസ് .ശശിധരനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സ്‌പോണ്‍സറും ദേവസ്വം ബോര്‍ഡും തമ്മിലെ മെയില്‍ ഇടപാടുകളടക്കം സംശയമുനയില്‍ ആയ സാഹചര്യത്തില്‍ സൈബര്‍ വിദഗ്ധരും ടീമിലുണ്ട്. രഹസ്യ സ്വഭാവത്തില്‍ അന്വേഷണം പൂ!ര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കോടതി നിര്‍ദേശിച്ച അന്വേഷണ ഉദ്യോഗസ്ഥരെ ടീമിലേക്ക് വിട്ട് നല്‍കാന്‍ കഴിയുമോ എന്നത് വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. റിട്ട.ജഡ്ജി കെ ടി ശങ്കരനും ശബരിമലയിലെ സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കളെ മൂല്യനിര്‍ണ്ണയത്തിന് ദേവസ്വം ബെഞ്ച് നിയോഗിച്ചിരുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്നും വിജിലന്‍സ് ഇന്ന് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha