വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഐഎംഎ

രാജ്യത്താകെ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും, മരുന്ന് നിര്‍മ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം. മരുന്നില്‍ പ്രശ്‌നമുണ്ടോയെന്ന് ഡോക്ടര്‍ എങ്ങനെ അറിയുമെന്നും വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി അടങ്ങിയ കഫ്‌സിറപ്പുകള്‍ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്, പൊതുജനങ്ങളില്‍ ആത്മവിശ്വാസം നല്‍കുന്നതിന് പകരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഭരണകൂടം അനുമതി നല്‍കിയ മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടര്‍ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.
കൂടാതെ കുട്ടികളുടെ മരണത്തിന് ഉത്തരവാദി അധികാരികളും, മരുന്ന് നിര്‍മ്മാതാക്കളുമാണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐഎംഎ വ്യക്തമാക്കി. പത്ത് വര്‍ഷമായി കോള്‍ഡ്രിഫ് മരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്നുവെന്ന് മധ്യപ്രദേശില് അറസ്റ്റിലായ ഡോക്ടര്‍ പ്രവീണ്‍ സോണി മൊഴി നല്കിയിരുന്നു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടറാണ് പ്രവീണ്‍ സോണി.
മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീണ്‍ സോണി, മരണകാരിയായ കോള്‍ഡ്രിഫ് സിറപ്പ് കുട്ടികള്‍ക്ക് എഴുതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ചത്. ഇവര്‍ക്കെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പില്‍ 48.6 ശതമാനം ബ്രേക്ക് ഓയില്‍ അടങ്ങിയെന്നായിരുന്നു കണ്ടെത്തല്‍.
https://www.facebook.com/Malayalivartha