വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന്: ദശാബ്ദത്തിന്‍റെ നേട്ടങ്ങള്‍ - ഭാവി കാഴ്ച്ചപ്പാടുകള്‍...

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിഷൻ 2031- 'ദശാബ്ദത്തിന്‍റെ നേട്ടങ്ങള്‍ -ഭാവി കാഴ്ച്ചപ്പാടുകള്‍' എന്ന പേരില്‍ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവിതശൈലീ രോഗങ്ങള്‍, മെഡിക്കല്‍ ഗവേഷണം, പൊതുജനാരോഗ്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്‍റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങള്‍ - ഏകാരോഗ്യ പദ്ധതി, ട്രോമകെയര്‍, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് സമാന്തര സെഷനുകളിലെ ചര്‍ച്ചാ വിഷയങ്ങള്‍. അതത് രംഗത്തെ വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കൺവെൻഷൻ സെന്‍ററിൽ വച്ച് രാവിലെ 9.30ന് ആരോഗ്യ സെമിനാര്‍ ആരംഭിക്കും. 'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എൻ ഖോബ്രഗഡെ അവതരിപ്പിക്കും. 'കേരളത്തിന്‍റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ മന്ത്രി വീണാ ജോര്‍ജ് സെമിനാറില്‍ അവതരിപ്പിക്കും.
കേരളത്തിന്‍റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ‘നവകേരളം കര്‍മ്മപദ്ധതി- ആര്‍ദ്രം മിഷന്‍’-ന്റെ ഭാഗമായി നടന്നു വരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ജനസൗഹൃദ പരിവര്‍ത്തനം, ആരോഗ്യ മേഖലയുടെ ഡിജിറ്റലൈസേഷന്‍, സാർവത്രിക സാന്ത്വന പരിചരണം, ഗുണനിലവാരമുള്ള ആധുനിക പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനായി ലാബ് ശൃംഖലകള്‍ സ്ഥാപിക്കല്‍, നൂതന ചികിത്സാ സംവിധാനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടേയും പകര്‍ച്ചവ്യാധികളുടേയും പ്രതിരോധത്തിനായുള്ള ജനകീയ കാമ്പയിനുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
കേരളത്തിന്‍റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031-ൽ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപാട് സംബന്ധിച്ച ആശയ രൂപീകരണത്തിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ 33 വിഷയങ്ങളിലായി എല്ലാ ജില്ലകളിലും ഒക്ടോബര്‍ മാസത്തില്‍ വിഷൻ 2031ൻ്റെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യുകയും നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാർഗ്ഗരേഖകൾ ആവിഷ്കരിക്കുന്നതിനുമായാണ് വിദഗ്ദ്ധരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha