അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്ത് അരങ്ങേറാൻ ഇനി രണ്ട് നാൾ; മേളയുടെ വിജയത്തിനായി പതിനാറോളം സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്ത് അരങ്ങേറാൻ ഇനി രണ്ട് നാൾ മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒക്‌ടോബർ 21 മുതൽ ഒക്‌ടോബർ 28 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സ് മാതൃകയിലുള്ള രണ്ടാമത്കായികമേളയ്ക്കാണ് തലസ്ഥാനം ആതിഥ്യം അരുളുന്നത്. തിരുവനന്തപുരം ശിക്ഷക് സദൻ ഓഫീസാക്കി പ്രവർത്തിച്ചുകൊണ്ട് ഇതിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചു വരുന്നു.
മേളയുടെ വിജയത്തിനായി പതിനാറോളം സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 21 ന് വൈകുന്നേരം 4.00 മണിയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റാണ് ആദ്യം. തുടർന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനതാരം ശ്രീ. ഐ.എം. വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്‌കൂൾ കായികമേള ഉദ്ഘാടനം ചെയ്യുന്നത്. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ. മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ . ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ശ്രീമതി. കീർത്തി സുരേഷാണ് ഗുഡ്‌വിൽ അംബാസഡർ . ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ നടക്കും. ഒക്‌ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha