യാത്രയുടെയും സാഹിത്യത്തിന്‍റെയും സവിശേഷ സംഗമമായി യാനം; ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന് സമാപനം...

യാത്രയെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമത്തിന് സാക്ഷ്യം വഹിച്ച് കേരള ടൂറിസം സംഘടിപ്പിച്ച ത്രിദിന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന്‍റെ ഒന്നാം പതിപ്പിന് വര്‍ക്കലയില്‍ സമാപനം. യാത്രയും സാഹിത്യവും ഒത്തുചേര്‍ന്ന സമ്പന്നമായ ചര്‍ച്ചകള്‍ക്ക് ത്രിദിന പരിപാടി വേദിയൊരുക്കി. ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ പ്രകാശ് സോണ്‍തെക്കയുടെ ഗിത്താര്‍ അവതരണത്തോടെയാണ് യാനത്തിന് സമാപനമായത്.
വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സര്‍ഗാത്മക അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കിടാനുള്ള ഇടമായി ഫെസ്റ്റിലെ സെഷനുകള്‍ മാറി. ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാര്‍, കലാകാരൻമാർ , ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, യാത്രാപ്രേമികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ എന്നിവര്‍ ഫെസ്റ്റിവെലിന്‍റെ ഭാഗമായി. 'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്ന കേന്ദ്രപ്രമേയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവെലില്‍ 50 ലേറെ പ്രമുഖ പ്രഭാഷകരാണ് പങ്കെടുത്തത്.
യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമായി യാനം മാറിയെന്നും പരിപാടിയുടെ അദ്യ പതിപ്പ് മികച്ച വിജയമായി മാറിയെന്നും സമാപന പ്രസംഗം നടത്തിയ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് പറഞ്ഞു.
ടൂറിസവും വിജ്ഞാനാധിഷ്ഠിത സേവന മേഖലകളും കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന പ്രേരകശക്തികളായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് സമാപന ദിവസം 'ആന്‍ അഡ്മിനിസ്ട്രേറ്റേഴ്സ് ടെയില്‍' എന്ന സെഷനില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിനൂ കെ ജോണും സെഷനില്‍ പങ്കെടുത്തു.
സമീപകാലത്ത് ടൂറിസം മേഖലയില്‍ കേരളം വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് വേണു ചൂണ്ടിക്കാട്ടി. ടൂറിസം കാമ്പയിനുകള്‍ കേരളത്തെ പുതിയ തലങ്ങളിലേക്ക് നയിക്കുകയും പുതിയ കാഴ്ചപ്പാടുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ടൂറിസം വിപണിയില്‍ വളരെ ശക്തമായ സ്ഥാനം വഹിച്ച സ്ഥലങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യേണ്ടതില്ല. എന്നാല്‍ കേരള ടൂറിസത്തിന്‍റെ സമീപകാല പ്രചാരണങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും നിക്ഷേപ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് അനുയോജ്യമായ സ്ഥലമായി കേരളം അതിവേഗം അടയാളപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ഫെസ്റ്റ് ലക്ഷ്യമിട്ടത്. വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയെപ്പടുത്തുന്നതിലും യാനം വിജയം കണ്ടു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി പ്രഭാഷകരും പ്രതിനിധികളുമാണ് ഫെസ്റ്റിവെലില്‍ പങ്കാളികളായത്.
ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ടിബറ്റന്‍ കവി ടെന്‍സിന്‍ സുണ്ടു, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവര്‍ത്തി, 2015 ലെ ഹെന്‍ റി കാര്‍ട്ടിയര്‍ ബ്രെസണ്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആശ തദാനി, മലയാളി എഴുത്തുകാരായ കെ.ആര്‍ മീര ബെന്യാമിന്‍, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ യാനത്തിലെ പ്രമുഖ പ്രഭാഷകരായിരുന്നു.
പ്രശസ്ത ട്രാവല്‍ ഡോക്യുമെന്‍ററി സംവിധായകരും എഴുത്തുകാരുമായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്ക്, സിമ്പിള്‍ കുക്കിംഗ് എന്ന പുസ്തക പരമ്പരയിലൂടെ പാരീസിലെ ഗോര്‍മണ്ട് വേള്‍ഡ് കുക്ക്ബുക്ക് അവാര്‍ഡിന് നാമനിര്‍ദേശം നേടിയ ഫുഡ് ഗുരു കരണ്‍ ആനന്ദ്, ട്രാവല്‍ വ്ളോഗറും സ്റ്റോറി ടെല്ലറുമായ കൃതിക ഗോയല്‍, എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായ ഉല്ലേഖ് എന്‍.പിഎന്നിവരും പരിപാടിയുടെ ഭാഗമായി.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. സഞ്ചാരവും സാഹിത്യവും ഒത്തുചേര്‍ന്ന യാനം. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്താനാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടത്. ഇത് ഫലപ്രദമാകുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് യാനത്തില്‍ നടന്നത്. നോവലിസ്റ്റും ക്യൂറേറ്ററുമായ സബിന്‍ ഇക്ബാല്‍ ആണ് യാനം ഫെസ്റ്റിവെല്‍ ഡയറക്ടര്‍. എഴുത്ത്, ഫേട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha