ലോകം ചുറ്റുന്ന സൈക്കിള്‍ യാത്രികന് ഭയത്തെ നേരിടുന്നത് അനിവാര്യം: ലോക പ്രശസ്ത സൈക്ലിസ്റ്റ് ധ്രുവ് ബോഗ്ര

ആര്‍ട്ടിക് മുതല്‍ ആന്‍ഡീസ് വരെ 2016-ല്‍ നടത്തിയ 400 ദിവസം നീണ്ട ഒറ്റയ്ക്കുള്ള സൈക്കിള്‍ യാത്ര പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ധ്രുവ് ബോഗ്ര. ഗ്രിറ്റ് ഗ്രാവല്‍ ആന്‍ഡ് ഗിയര്‍ എന്ന സെഷനിലാണ് അദ്ദേഹം സംസാരിച്ചത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ അജ്ഞാത ദേശങ്ങളിലേക്ക് സൈക്കിളോടിക്കുമ്പോഴുണ്ടാകുന്ന ഭയത്തെ മറികടക്കേണ്ടതുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയും വെല്ലുവിളിക്കുന്ന ഭൂപ്രകൃതിയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധ്രുവ് ബോഗ്രയുടെ സൈക്കിള്‍ യാത്ര 2012-ല്‍ ലഡാക്കിലെ ലേ ജില്ലയിലെ ചുരമായ ഖാര്‍ദുംഗ് ലായിലേക്ക് പോയതോടെയാണ് ആരംഭിച്ചത്. 2016-ലെ യാത്രയില്‍, 10 രാജ്യങ്ങളിലൂടെയും, രണ്ട് ഭൂഖണ്ഡങ്ങളിലൂടെയും, നാല് സമയമേഖലകളിലൂടെയുമായി ഏകദേശം 15,000 കിലോമീറ്റര്‍ ദൂരമാണ് ബോഗ്ര സൈക്കിളില്‍ സഞ്ചരിച്ചത്.
ലോകത്തിന്‍റെ തെക്കും വടക്കും അര്‍ദ്ധഗോളങ്ങളെ ഉള്‍ക്കൊള്ളുന്ന ഏറ്റവും ആകര്‍ഷകമായ റൂട്ടുകളില്‍ ഒന്നില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏറെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് അലാസ്കയിലെ ആര്‍ട്ടിക് മുതല്‍ ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഖണ്ഡ പര്‍വതനിരയായ പെറുവിലെ ആന്‍ഡീസ് വരെ സൈക്കിളില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചത്.
യാത്രയ്ക്ക് മുമ്പുള്ള തന്‍റെ ഒരു വര്‍ഷം നീണ്ട ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ച ധ്രുവ് ബോഗ്ര, താന്‍ നടത്തിയ പരിശീലന രീതികളെക്കുറിച്ച് വിശദീകരിച്ചു. എന്‍ഡ്യൂറന്‍സ് പരിശീലനം, റൂട്ട് മാപ്പിംഗ് എന്നിവയ്ക്കൊപ്പം വനമേഖലയിലെ അതിജീവന പാഠങ്ങളും സ്വായത്തമാക്കി. സൈക്ലിംഗിനായി സ്പാനിഷ് ഭാഷ പഠിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
'ക്വസ്റ്റ്' എന്ന് പേരിട്ട സൈക്കിളില്‍, കുടിവെള്ളക്കുപ്പികള്‍, ഭക്ഷണം, ഒരു ലാപ്ടോപ്പ്, ക്യാമറകള്‍, ഒരു ടെന്‍റ്, പാസ്പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗുകള്‍ അദ്ദേഹം ഒരുക്കി. ഭയപ്പെടുത്തുന്ന യാത്രയ്ക്ക് മുന്നൊരുക്കമായി അലാസ്കയിലെ ട്രെക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്.
ആദ്യ ദിവസം താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു, കൂടാതെ വലിയ ഭാഗത്ത് 300 ആളുകള്‍ മാത്രം താമസിക്കുന്ന അലാസ്കയിലെ ഏറ്റവും അപകടകരമായ റോഡായ ഡാല്‍ട്ടണ്‍ ഹൈവേയിലൂടെ യാത്ര ചെയ്യേണ്ടി വന്നു. ഏകദേശം പത്ത് ദിവസത്തോളം വെള്ളം നിറയ്ക്കാനോ ഭക്ഷണം കണ്ടെത്താനോ മൊബൈല്‍ നെറ്റ് വര്‍ക്കിനോ സൗകര്യമുണ്ടായിരുന്നില്ലെന്ന് ബോഗ്ര പറഞ്ഞു.
മെക്സിക്കോയില്‍ പ്രവേശിച്ചപ്പോള്‍, ബാജയിലെ നീണ്ട മരുഭൂമിയില്‍ അദ്ദേഹത്തിന് ഉറങ്ങേണ്ടി വന്നു. അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, തുടര്‍ച്ചയായ മഴ ഏകദേശം ഒരു മാസത്തോളം അദ്ദേഹത്തെ കുഴപ്പത്തിലാക്കി. മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയ വിരുദ്ധ സേനയുടെ ഇടപെടല്‍ പോലുള്ള മറ്റ് പ്രതിബന്ധങ്ങളും ഇതിനിടയില്‍ ഉണ്ടായി.
പെറുവിലെ 3,000 മീറ്റര്‍ ഉയരത്തിലുള്ള മലനിരകള്‍ വെല്ലുവിളിയായിരുന്നു. സൈക്കിളില്‍ എത്തിയ ഏറ്റവും ഉയര്‍ന്ന സ്ഥലം 5,000 മീറ്റര്‍ ആയിരുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലമായ പെറുവിലെ ഇക്ക വഴിയും കടന്നുപോയെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ സൈക്കിള്‍ യാത്രകളെക്കുറിച്ച് ബോഗ്ര രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, ഭാര്യയോടൊപ്പമുള്ള ഹിമാലയന്‍ സൈക്കിള്‍ യാത്രയെക്കുറിച്ചുള്ള മൂന്നാമത്തെ പുസ്തകം അണിയറയിലാണ്.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാബിന്‍ ഇഖ്ബാല്‍, കവിയും കലാകാരനുമായ മധു രാഘവേന്ദ്രയുമായി ചേര്‍ന്ന് ലിറ്റററി ട്രെയില്‍സ് ഇന്‍ പോളണ്ട് എന്ന സെഷനില്‍ പോളണ്ടിലേക്കുള്ള തന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു.
വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീണ്ട യാനം സാഹിത്യോത്സവം ലോകമെമ്പാടുമുള്ള പ്രമുഖ യാത്രാ എഴുത്തുകാര്‍, വ്ലോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ എന്നിവരെ ഒരുമിപ്പിച്ചു. ഇന്നത്തെ സഞ്ചാരികളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെക്കാന്‍ ഇത് വേദിയൊരുക്കി.
സെലിബ്രേറ്റിംഗ് വേര്‍ഡ് ആന്‍റ് വാണ്ടര്‍ലസ്റ്റ് എന്നതായിരുന്നു മൂന്ന് ദിവസത്തെ ഉത്സവത്തിന്‍റെ പ്രമേയം.
https://www.facebook.com/Malayalivartha