ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു; സന്നിധാനത്ത് എത്തിയത് പൊലീസിന്‍റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിൽ...

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. വാവര് നടയിലും രാഷ്ട്രപതി ദര്‍ശനം നടത്തി. മന്ത്രി വി.എൻ വാസവനും രാഷ്‌ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു. കേരള പൊലീസിന്റെ ഗൂർഘാ വാഹനങ്ങളിലാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്. പമ്പയിലെത്തിയ രാഷ്ട്രപതി കെട്ടുനിറച്ചാണ് ശബരിമല കയറിയത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് സംഘം പത്തനംതിട്ടയെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന്, മുൻകൂട്ടി തീരുമാനിച്ചതിൽനിന്ന് വ്യത്യസ്‌തമായി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഹെലികോപ്‌ടർ ഇറങ്ങിയത്.
ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. ഇവിടെ നിന്നും കാറിലാണ് പമ്പയിലേയ്‌ക്ക് തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.
സന്ദര്‍ശത്തിന് ശേഷം ദേവസ്വം ബോർഡിന്റെ കോംപ്ലക്സിൽ വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങുക. ഇവിടെ രാഷ്‌ട്രപതിയുടെ ഭക്ഷണമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നത് വിനോദസഞ്ചാരവകുപ്പാണ്. വൈകിട്ട് മൂന്നിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് തിരിക്കും. 3.30ഓടെ പമ്പയിലെത്തും. 4.10ന് നിലയ്ക്കൽ ഹെലിപ്പാഡിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 5.05ന് എത്തും.
https://www.facebook.com/Malayalivartha