സെക്രട്ടറിയേറ്റിൽ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കേരളീയ വേഷം ധരിച്ചെത്തണമെന്ന് സർക്കുലർ ഇറക്കി...

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കേരളീയ വേഷം നിർബന്ധമാക്കി ഭരണഭാഷാ വകുപ്പ്. സെക്രട്ടറിയേറ്റിൽ നടക്കുന്ന സമ്മേളനത്തിൽ കേരളീയ വേഷം ധരിച്ചെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്. മലയാള ദിന - ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. നവംബർ ഒന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.
ഇതിനിടെ നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതോടെ ലോകത്തെ അപൂര്‍വ പ്രദേശങ്ങളുടെ പട്ടികയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി നഗരസഭാ ആസ്ഥാനമന്ദിരം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അപൂര്‍വം രാജ്യങ്ങള്‍ക്കു മാത്രം നേടിയെടുക്കാന്‍ കഴിഞ്ഞ നേട്ടത്തിലേക്കാണ് കേരളവും ഉയരാന്‍ പോകുന്നത്.
നാടാകെ ഒന്നായി നിന്ന് നേടിയെടുത്ത നേട്ടമാണിത്. അതിദാരിദ്ര്യമുക്തമാക്കുന്നതിനായി എല്ലാ വകുപ്പുകളും സഹകരിച്ചു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാന ചുമതല വഹിച്ചത്. അതിദരിദ്രരായ കുടുംബങ്ങളെ കണ്ടെത്താനും അവരെ ദാരിദ്ര്യമുക്തരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തദ്ദേശ സ്ഥാപനങ്ങളാണ്. 'ക്ഷേമപദ്ധതികള്‍ അര്‍ഹരായ എല്ലാവര്‍ക്കും, വികസനം എല്ലാവര്‍ക്കും' എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha