സഹോദരിമാരോടൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാട്ടി പണം ആവശ്യപ്പെട്ടതിന് പിന്നാലെ 19കാരന്‍ ആത്മഹത്യ ചെയ്തു

സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 19കാരന്‍ ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നും അവന്‍ കുറച്ച് ദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാനോ മുറിക്ക് പുറത്ത് പോലും വരാറില്ലായിരുന്നുവെന്ന് ബന്ധുക്കളും പിതാവ് മനോജ് കേസരിയും പോലീസിനോട് പറഞ്ഞു.
ഒരാള്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്‌നചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സാഹില്‍ എന്ന് അറിയപ്പെടുന്ന ആളാണ് രാഹുലിനെയും സഹോദരിമാരെയും ബ്ലാക്ക്‌മെയില്‍ ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട 'സാഹില്‍' രാഹുല്‍ നടത്തിയ ചാറ്റ് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും തമ്മില്‍ നിരവധി ഓഡിയോ, വീഡിയോ കോളുകള്‍ നടന്നതായി വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളില്‍ വ്യക്തമാണ്. 'ആജാ മേരെ പാസ്' (എന്റെ അടുത്തേക്ക് വാ) എന്ന് പറഞ്ഞ് 'സാഹില്‍' രാഹുലിന് ഒരു ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
അവസാനത്തെ സംഭാഷണത്തില്‍, പണം നല്‍കിയില്ലെങ്കില്‍ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് 'സാഹില്‍' ഭീഷണിപ്പെടുത്തിയതായി മനസിലാക്കുന്നു. ചാറ്റിലൂടെ രാഹുലിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയും, മരണത്തിലേക്ക് നയിച്ചേക്കാവുന്ന ചില പദാര്‍ത്ഥങ്ങളെക്കുറിച്ച് വിവരിക്കുക പോലും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ രാഹുല്‍ ചില ഗുളികകള്‍ കഴിച്ചു. നില വഷളായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
'എന്റെ പെണ്‍മക്കളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ആരോ രാഹുലിന്റെ ഫോണിലേക്ക് അയക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് രാഹുലിനെ മാനസികമായി തളര്‍ത്തി. ഈ മാനസിക പീഡനം കാരണമാണ് അവന്‍ വിഷം കഴിച്ചത്. അവനെ നിരന്തരം ഉപദ്രവിച്ചിരുന്നു' പിതാവ് മനോജ് പറഞ്ഞു. നീരജ് ഭാരതി എന്നയാള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. രാഹുല്‍ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ രാഹുലുമായി സംസാരിച്ചിരുന്നു. തന്റെ ഭര്‍തൃസഹോദരനും സംഭവത്തില്‍ പങ്കുണ്ടെന്ന് രാഹുലിന്റെ അമ്മ മീനാ ദേവി ആരോപിച്ചു. ആറുമാസം മുന്‍പ് മീനാ ദേവി ഇയാളുമായി വഴക്കിട്ടിരുന്നു. ഒരു പെണ്‍കുട്ടിയുമായി ചേര്‍ന്നാണ് അയാള്‍ ഈ പദ്ധതി തയ്യാറാക്കിയതെന്നും അവര്‍ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
'അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും,' അന്വേഷണ ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ പറഞ്ഞു. 'സൈബര്‍ കുറ്റകൃത്യങ്ങളുടെയും എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന്റെയും ഗുരുതരമായ ഉദാഹരണമാണ്' ഈ കേസ് എന്ന് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് വിഷ്ണു കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























