തെരുവുനായ പ്രശ്‌നത്തില്‍ വിവിധ സംസ്ഥാനങ്ങളോടുള്ള കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

തെരുവുനായ പ്രശ്‌നത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളോടെ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജകരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എല്ലാവരോടും നവംബര്‍ മൂന്നിന് ഹാജരാകണമെന്ന് ജസ്റ്റിസ് വിക്രം നാഥ് നിര്‍ദ്ദേശം നല്‍കിയത്. കേരളം ഉള്‍പ്പെടെ സത്യാവാങ്മൂലം നല്‍കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഡല്‍ഹിയില്‍ തെരുവുനായ പ്രശ്‌നം കടുത്തപ്പോള്‍ കോടതി നേരിട്ട് ഉത്തരവിറക്കിയിരുന്നു. അത് വലിയ വിമര്‍ശനത്തിന് വഴി ഒരുക്കിയിരുന്നു.
ഓഗസ്റ്റ് 22ന് തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ കഴിയുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു കോടതി സത്യവാങ്മൂലം തേടിയത്. ഇന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ച് സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മാത്രമാണ് സത്യവാങ്മൂലം നല്‍കിയത്.
''സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ കണ്ണില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ന്നു എന്ന് ചിത്രീകരിക്കപ്പെടുന്നു. ഞങ്ങള്‍ വാര്‍ത്തകളും വായിക്കുന്നുണ്ട്'' ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞു. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പഥക് ഡേവിനോട് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. ''എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നത്? ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം… അല്ലാത്തപക്ഷം പിഴ ചുമത്തുകയും നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും… എല്ലാ സംസ്ഥാനങ്ങള്‍ക്കും / കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസുകള്‍ നല്‍കിയിരുന്നു.
നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പത്രങ്ങളോ സമൂഹമാധ്യമങ്ങളോ വായിക്കാറില്ലേ? എല്ലാവരും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് അറിവുണ്ടെങ്കില്‍ മുന്നോട്ട് വരണം! നവംബര്‍ 3 ന് എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം'' ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha























