വീടിന് തൊട്ടടുത്ത് ലാബ് പരിശോധന: സന്തോഷം പങ്കുവച്ച് രോഗികള്‍: രോഗികളുമായും ജീവനക്കാരുമായും സംസാരിച്ച് മന്ത്രി വീണാ ജോര്‍ജ്

'നമസ്‌കാരം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ്' പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തിയ കുമ്പളങ്ങി സ്വദേശി പുഷ്‌കരനെ വിളിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡയാലിസിസ് ചികിത്സാ രംഗത്ത് സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങള്‍ നേരിട്ട് അവലോകനം ചെയ്യുന്നതിനും രോഗനിര്‍ണയ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നിര്‍ണയ ലാബോറട്ടറി സംവിധാനം ഉപയോഗിക്കുന്നവരില്‍ നിന്നും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് മനസിലാക്കുന്നതിന്റെ ഭാഗമായുമാണ് മന്ത്രി അപ്രതീക്ഷിതമായി വിളിച്ചത്.
ഒന്നര വര്‍ഷമായി പുഷ്‌കരന്‍ ഡയാലിസിസ് ചെയ്തു വരികയാണ്. ആദ്യം സ്വകാര്യാശുപത്രിയിലായിരുന്നു ഡയാലിസിസ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ സേവനം ലഭ്യമായതോടെ ഏറെ സൗകര്യപ്രദമായെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ണയ പദ്ധതി യാഥാര്‍ഥ്യമായതോടെ ഡയാലിസിസ് രോഗികള്‍ പതിവായി ചെയ്യേണ്ട ചിലവേറിയ സങ്കീര്‍ണ്ണ പരിശോധനകളും പള്ളുരുത്തി ആശുപത്രിയിലെ ലാബില്‍ നിന്ന് തന്നെ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇത് തങ്ങളെ പോലുള്ള രോഗികള്‍ക്ക് വളരെയധികം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ രോഗികളുടെ ചികിത്സാ ചെലവ് കുറക്കുന്നതിനും ഫലപ്രദമായ രോഗനിര്‍ണയസൗകര്യം ഉറപ്പുവരുത്തുന്നതിനുമായാണ് സര്‍ക്കാര്‍ നിര്‍ണയ ലബോറട്ടറി സംവിധാനം ആരംഭിച്ചിരിക്കുന്നതെന്നും കൂടുതല്‍ ആളുകളിലേക്ക് ഈ സേവനത്തെ കുറിച്ചറിയിക്കുന്നതിന് പുഷ്‌കരേട്ടനുള്‍പ്പെടെയുള്ളവരുടെ സഹായമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയ ലബോറട്ടറി സംവിധാനം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് മന്ത്രി ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
രാജ്യത്തിന് മാതൃകയായ ഈ പദ്ധതിയിലൂടെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ തന്നെ ലാബ് സേവനം ലഭ്യമാകും. പ്രാഥമിക - കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പ്രധാന ലാബുകളിലേക്ക് പോസ്റ്റല്‍ വകുപ്പിന്റെ സഹായത്തോടെ, പ്രത്യേക സംവിധാനത്തില്‍ എത്തിക്കും. ഈ സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം സര്‍ക്കാരിന്റെ പോര്‍ട്ടലിലൂടെ അയച്ച സെന്ററുകളിലേക്ക് റിസള്‍ട്ട് ലഭ്യമാക്കും. കൂടാതെ രോഗിയുടെ മൊബൈലിലേക്കും റിസള്‍ട്ടുകള്‍ എത്തും.
https://www.facebook.com/Malayalivartha


























 
 