കാനനപാതയിൽ തിരക്കേറി... രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ പരമ്പരാഗത കാനനപാതയിലൂടെ കടത്തിവിടൂ

കാനനപാതയിൽ തിരക്കേറിയതോടെ ഭക്തർക്ക് സുരക്ഷ ഒരുക്കുകയെന്നത് സുരക്ഷാസേനകൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഈ വഴി കൂടുതലായി വരുന്നുണ്ട്.
അടിയന്തര വൈദ്യസഹായം എത്തിക്കുകയെന്നത് ഈ പാതയിൽ ഏറെ പ്രയാസമുള്ള കാര്യമാണ്. നിലവിൽ വനപാലകരും അഗ്‌നിരക്ഷാസേനയും എൻഡിആർഎഫും ആണ് ഇതിനായി രംഗത്തുള്ളത്.
രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ പരമ്പരാഗതകാനനപാതയിലൂടെ കടത്തിവിടൂ. വൈകുന്നേരം ആറിന് മുമ്പായി ഭക്തർ സന്നിധാനത്ത് എത്തേണ്ടതാണ്. ഇരുട്ടുവീണാൽ അയ്യപ്പഭക്തരെ സന്നിധാനത്തെത്തിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടെയെത്തേണ്ടിവരും.
രാത്രിയോടെ അവസാന പട്രോളിങ്ങും നടത്തി, ചെക്ക് പോയിന്റിൽ നിന്ന് കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൺ നമ്പറുകളും ഒത്തുനോക്കി പാതയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. സത്രം-പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കും ഈ നിബന്ധനകളെല്ലാം ഉണ്ട്.
അതേസമയം ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഉന്നതതല അവലോകനയോഗ തീരുമാനമായി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂവിൽ ബുക്കുചെയ്ത ദിവസങ്ങളിൽതന്നെ എത്താൻ ഭക്തർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.
"https://www.facebook.com/Malayalivartha


























