'വാടാ..പോടാ' വിളികളില്‍ ആക്രോശിച്ച് പിസി പാഞ്ഞടുത്തു... മീഡിയാ വണ്ണിന്റെ ചാനല്‍ ചര്‍ച്ചയില്‍ പേട്ടയില്‍ സംഭവിച്ചത്

പിസി ജോര്‍ജ്ജ് എന്ന രാഷ്ട്രീയത്തിലെ അതികായകനെ അറിയാവുന്നവര്‍ അധികം അദ്ദേഹത്തിന്റെ അടുത്ത് പെരുമാറാന്‍ പോകാറില്ല. കാര്യം ആളിത്തിരി പെശകാണ് അതു തന്നെ കാര്യം. എവിടെയും എന്തിനും മറുപടി കൊടുക്കുന്ന പിസി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. എന്നാല്‍ ഇന്ന് ഉത്തരം മുട്ടുന്ന ചില ചോദ്യങ്ങള്‍ എത്തിയപ്പോള്‍ ടിയാന്റെ മട്ടുമാറി. പൂഞ്ഞാര്‍ താലുക്കായിരുന്നു പ്രശ്‌നവിഷയം.
ഇന്നലെ രാവിലെ ഈരാറ്റുപേട്ടയില്‍ വച്ച് മീഡിയാ വണ്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചക്കിടെയാണ് പി സി ജോര്‍ജ്ജ് നാണം കെട്ട് ഇറങ്ങിപ്പോയത്. മണ്ഡലത്തില്‍ എംഎല്‍എ എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ജോര്‍ജ്ജിന് സമനില തെറ്റിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തിയുമായി കൊമ്പുകോര്‍ത്താണ് 'തല്ലു തരും' എന്ന് ഭീഷണിയുമായി ജോര്‍ജ്ജ് സ്ഥലം വിട്ടത്. തുടര്‍ന്ന് സ്ഥലത്ത് വാടോ പോടാ വിളികളുമുണ്ടായി.
തന്റെ വികസന കാര്യങ്ങളെ കുറിച്ച് വാചാലനായി ജോര്‍ജ്ജ് മുന്നേറുന്നതിന് ഇടെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി പൂഞ്ഞാര്‍ താലൂക്കിന്റെ കാര്യം എടുത്തിട്ടത്. പൂഞ്ഞാര്‍ താലൂക്ക് യഥാര്‍ത്ഥ്യമാക്കാന്‍ ജോര്‍ജ്ജിന് സാധിച്ചില്ലെന്ന് ജോര്‍ജ്ജുകുട്ടി അഗസ്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചീഫ് വിപ്പ് പദവിയില്‍ ഇരുന്ന ജോര്‍ജ്ജിന് എന്തുകൊണ്ടാണ് സ്വന്തം സ്വാധീനം ഉപയോഗിച്ച് പൂഞ്ഞാര്‍ താലൂക്കെന്ന് ആവശ്യം നേടിയെടുക്കാന്‍ സാധിക്കാതെ പോയതെന്നാണ് ജോര്‍ജ്ജുകുട്ടി ചോദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാനല്‍ അവതാരകനും ഈ ചോദ്യം ഉന്നയിച്ചു. 30 വര്‍ഷമായി പൂഞ്ഞാര്‍ താലൂക്ക് യാഥാര്‍ത്ഥ്യമാകാത്തതിന് എംഎല്‍എ എന്ന നിലയില്‍ പിസി ജോര്‍ജിനു എന്ത് മറുപടിയുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ അത് തരാതിരുന്നത് കെ എം മാണി ആയിരുന്നു എന്നാണ് എംഎല്‍എ മറുപടി നല്കിയത്.
അങ്ങനെയെങ്കില്‍ ഇടതുമുന്നണിയുടെ ഭാഗമായി എംഎല്‍എ ആയിരുന്നപ്പോള്‍ പി സി ജോര്‍ജ് എന്തുകൊണ്ട് താലൂക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചില്ലെന്നും അടുത്ത ചോദ്യം. ഇതിനു ജോര്‍ജ് കൃത്യമായി മറുപടി പറയാതെ വിഷയം വഴി തിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തി ഇടപെട്ടു. എന്തു കൊണ്ട് 12 താലൂക്ക് അനുവദിച്ചിട്ടും പൂഞ്ഞാറില്‍ താലൂക്കനുവദിക്കാത്തതിന്റെ പേരില്‍ താങ്കള്‍ ഒരു ബഹുജന ധര്‍ണ്ണ നടത്താനോ, രാജി ഭീഷണിയെങ്കിലും നടത്താനോ തയ്യാറാകാതിരുന്നത്? എന്നായിരുന്നു ജോര്‍ജുകുട്ടിയുടെ ചോദ്യം. ഇതോടെ സിപിഐ(എം) അനുഭാവികളും ഈ വിഷയം ഏറ്റുപിടിച്ചു. ഇതോടെ ജോര്‍ജ്ജ് തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു. എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന പറഞ്ഞ് ജോര്‍ജ്ജ് പണ്ട് ഭീഷണി മുഴക്കിയ കാര്യവും ജോര്‍ജ്ജുകുട്ടി അഗസ്തി ചൂണ്ടിക്കാട്ടി.
ഇതോടെ ജോര്‍ജ്ജിന്റെ നിയന്ത്രണം പോയി. എനിക്ക് സൗകര്യമില്ല....ന്താ... മതിയോ...? എന്നായിരുന്നു ഇതിനു എംഎല്‍എയുടെ മറുപടി. എന്നാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് ജോര്‍ജ്ജെന്നും ഈ പ്രവണതയാണ് മണ്ഡലത്തിന് തിരിച്ചടിയായരെന്നും ജോര്‍ജ്ജുകുട്ടി മറുപടി നല്‍കി. ഇതോടെ പി സി ജോര്‍ജ് ക്ഷുഭിതനായി. 'തരാന്‍ എനിക്ക് സൗകര്യം ഇല്ലായിരുന്നടാ.. നിനക്ക് എന്ത് ചെയ്യാന്‍ പറ്റും' എന്നായി. എംഎല്‍ എ പ്രകോപിതനായതോടെ ജോര്‍ജുകുട്ടി ആഗസ്തിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ജോസഫും സ്തബ്ധരായി. എന്നാല്‍, ജോര്‍ജ്ജിന്റെ ഭാഷയില്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.
ഇതിനിടെ 'നീ അടി മേടിക്കും' എന്ന് പറഞ്ഞ് ജോര്‍ജുകുട്ടി ആഗസ്തിക്ക് നേരെ ജോര്‍ജ്ജ് മുഷ്ടി ചുരിട്ടി പാഞ്ഞടുത്തു. എന്നാല്‍, യുഡിഎഫ് എല്‍ഡിഎഫ് അനുഭാവികള്‍ ഒരുമിച്ച് നിന്ന് ജോര്‍ജ്ജിന് എതിര്‍ത്തു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷാ വലയം ഒരുക്കുകയും ചെയ്തു. മാന്യമായി പെരുമാറണമെന്നും പ്രകോപിതനാകാനുള്ള സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും ചാനല്‍ അവതരകനും നാട്ടുകാരും പറഞ്ഞപ്പോള്‍ ജോര്‍ജ് പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തി ഇറങ്ങിപ്പോകുന്ന ശൈലിയാണ് ജോര്‍ജ്ജ് സ്വീകരിച്ചത് എന്നാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha