മരിച്ചെന്നു കരുതിയ പ്രമോദിനെ തിരിച്ച് കിട്ടിയതില്‍ സന്തോഷിച്ച് ബന്ധുക്കള്‍, സംസ്‌കരിച്ച് മൃതദേഹം ആരുടെതെന്ന സംശയം ബാക്കി

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് ആയുസ്സിന്റെ ബലംകൊണ്ടു മാത്രം രക്ഷപ്പെടുക. മരിച്ചെന്നു വിശ്വസിച്ച് ബന്ധുക്കള്‍ മറ്റൊരാളുടെ മൃതദേഹം പ്രമോദിന്റേതെന്നു കരുതി ദഹിപ്പിക്കുക. എല്ലാം അതിജീവിച്ച് പ്രമോദ് (29) ഇപ്പോള്‍ ഒരു അദ്ഭുത ലോകത്താണ്. വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ സഹായിയായി എത്തിയ പ്രമോദിന്റെ ചുമതല വെടിക്കെട്ട് പുരയില്‍ നിന്ന് അമിട്ടുകള്‍ കമ്പത്തറയിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പകുതി പൊട്ടിയ നിലയില്‍ താഴേക്ക് പതിച്ച അമിട്ടില്‍ നിന്നുള്ള തീപ്പൊരി കമ്പത്തറയിലേക്ക് കൊണ്ടുപോയിരുന്ന അമിട്ടില്‍ വീണു തീപിടിക്കുകയും തീപ്പൊരി കമ്പപ്പുരയിലേക്കു ചിതറിത്തെറിക്കുകയും ചെയ്തതിനു പിന്നാലെ ഉഗ്രസ്‌ഫോടനം. കാഴ്ചയും കേള്‍വിയും നശിച്ചതിനൊപ്പം എന്തോ വന്ന് ശക്തമായി ഇടുപ്പില്‍ പതിച്ചതും കമിഴ്ന്നുവീണതും മാത്രമേ ഓര്‍മയുളളൂവെന്ന് പ്രമോദ്. പിന്നെ കണ്ണു തുറക്കുമ്പോള്‍ ഏതോ ആശുപത്രിയില്‍
സ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നിട്ടും മരണം പ്രമോദിനെ വെറുതേവിട്ടു. അബോധാവസ്ഥയിലായ പ്രമോദ് പലകൈ മറിഞ്ഞ് കൊല്ലം മീയണ്ണൂര്‍ അസീസിയ ആശുപത്രിയിലെത്തി. ഇതിനിടെയായിരുന്നു വീട്ടില്‍ മറ്റൊരു ദുരന്തചിത്രം തെളിഞ്ഞത്. പല ആശുപത്രികളില്‍ പലകുറി തിരഞ്ഞിട്ടും പ്രമോദിനെ കാണാതായതോടെ മരിച്ചെന്ന ധാരണയില്‍ ബന്ധുക്കളെത്തി. അപ്പോഴാണ് പ്രമോദുമായി രൂപസാദൃശ്യമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കണ്ടത്. അതു പ്രമോദ് തന്നെയെന്നുറപ്പിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു. പ്രമോദിന്റെ മുന്‍വശത്തെ പല്ലുകളിലൊന്ന് നഷ്ടമായിരുന്നതും മൂക്കിന് താഴെയായി കുത്തിക്കെട്ടുകളുടെ പാടുകള്‍ ഉണ്ടായിരുന്നതുമാണ് അതു പ്രമോദ് തന്നെയെന്ന് ബന്ധുക്കള്‍ ഉറപ്പിക്കാന്‍ കാരണമായത്.
പിന്നീട് ആറ്റിങ്ങല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നെത്തിയ സന്ദേശമാണ് കഥയാകെ തിരുത്തിയെഴുതിയത്. പ്രമോദിനൊപ്പം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരാണ് പ്രമോദിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിടുകയും ബന്ധുക്കളെ തേടുകയും ചെയ്തത്. ഇത് കണ്ട ആറ്റിങ്ങല്‍ പൊലീസ്, വിവരം വീട്ടുകാരെ അറിയിക്കുകയും ഫെയ്‌സ്ബുക്കിന്റെ ഉടമയുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ പ്രമോദുമായി ഫോണില്‍ സംസാരിച്ചതോടെ ആളു മാറിയാണു സംസ്‌കാരമെന്ന കാര്യം വ്യക്തമായി. ആശുപത്രിയിലെത്തി പ്രമോദിനെ കണ്ട ബന്ധുക്കള്‍, ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വെഞ്ഞാറമൂട് വെള്ളാണിക്കല്‍ മാമൂട്ടില്‍ കുന്നില്‍വീട്ടില്‍ ഗോപി ലൈല ദമ്പതികളുടെ മകനായ പ്രമോദ് കോട്ടയത്ത് റബര്‍ ടാപ്പിങ് തൊഴിലാളിയാണ്. പടക്കങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സഹായികളായി ഒപ്പം പോയതാണ് പ്രമോദ്, ബന്ധു രാജപ്പന്‍, അമ്പിളി, കോന്നി സ്വദേശി ഷിബു ചാക്കോ എന്നിവര്‍. അപകടത്തില്‍ ഷിബു ചാക്കോ മരിച്ചു. രാജപ്പനെ കാണാതായി. ആളു മാറി സംസ്‌കരിച്ച വിവരം ഇനിയും പ്രമോദിനെ ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.
സംസ്‌കരിച്ച മൃതദേഹം ആരുടേതെന്നതിന് ഇനിയും ഉത്തരമില്ല. പരവൂര്‍ അപകടത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ പലരും ഇന്നലെയും പ്രമോദിന്റെ വീട്ടിലെത്തി മൃതദേഹത്തിന്റെ ഫോട്ടോകള്‍ പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. ഇനിയും അവശേഷിക്കുക ആ ചോദ്യമാണ് ദഹിപ്പിച്ച മൃതദേഹം ആരുടേതാണ്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha