പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി എണ്ണക്കമ്പനികള്‍... വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർദ്ധനവ്

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്. ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വൻ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും.
ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വർദ്ധിപ്പിച്ചിരുന്നു. ജനുവരി 1ന് 111 രൂപ , മാര്‍ച്ച് 1ന് 28-31 രൂപ, മാര്‍ച്ച് 7ന് 115 രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, എല്‍പിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു.
https://www.facebook.com/Malayalivartha

























