നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

ബിഹാറിലെ ജമാൽപൂരിൽ റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ദശരഥ് മണ്ഡൽ എന്നയാളാണ് തന്റെ ഭാര്യ പൂജ ദേവിയെ കൊലപ്പെടുത്തിയത്. രണ്ട് പെൺമക്കളുടെ മുമ്പിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. പത്ത് വയസുള്ള മകൾ ബഹളം വെച്ചപ്പോൾ "മറ്റൊരു അമ്മയെ കൊണ്ടുവന്നു തരാം" എന്ന് പറഞ്ഞ് തടഞ്ഞതായും മൊഴിയുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി ദശരഥ് മണ്ഡൽ രണ്ട് പെൺമക്കളുമായി ജമാൽപൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.
ദമ്പതികൾ തമ്മിൽ തലേന്ന് രാത്രി രൂക്ഷമായ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം നടന്നത്. ഈ സമയം രണ്ട് പെൺമക്കളും ഉറങ്ങുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് അനിയത്തി ഇഷികയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരി ശ്രീനിക എഴുന്നേറ്റത്. അവർ ബഹളം വെച്ചതും പിതാവ് ദശരഥ്, രണ്ടുപേരെയും ഷാൾ ഉപയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടു. അതിന് ശേഷം പൂജ ദേവിയെ രണ്ട് തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കൊല്ലുന്നത് കണ്ട് ഭയന്നുപോയ ശ്രീനിക അയൽക്കാരെ വിളിക്കുമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതോടെ "നിന്റെ അമ്മ മരിച്ചു, ഞാൻ വേറെ ഒരാളെ കൊണ്ടുവരാം" എന്ന് പറഞ്ഞ് പിതാവ് അടക്കാൻ ശ്രമിച്ചു. എന്നാൽ "അമ്മ അമ്മ തന്നെയാണെന്നും ആർക്കും ആ സ്ഥാനം പകരം വെക്കാനാകില്ലെന്നു"മാണ് കുട്ടി പിതാവിനോട് പറഞ്ഞത്.
കൃത്യത്തിന് ശേഷം പ്രതി മൃതദേഹം ഒരു ഷീറ്റ് കൊണ്ട് മൂടി. തുടർന്ന് തന്റെ രണ്ട് പെൺമക്കളേയും കൂട്ടി ജമാൽപൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
കേസിൽ ദശരഥ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നേരിൽക്കണ്ട പത്ത് വയസുകാരി മകൾ, പിതാവിന് കടുത്ത ശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























