സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. കൽക്കണ്ടി സ്വദേശി സോണിയ(45) ആണ് മരിച്ചത്. മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് പൊടുന്നനെ മരം മറിഞ്ഞുവീണത്.
ഗുരുതരമായി പരിക്കേറ്റ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരം വീണുണ്ടായ അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. മണ്ണാർക്കാട് - ആനകട്ടി റോഡിലാണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടത്.
നേരത്തെ കനത്ത കാറ്റിലും മഴയിലും കല്ലടിക്കോട് തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മരം പൊട്ടി വീണും അപകടമുണ്ടായി. കൂറ്റൻ ആൽമരമാണ് പൊട്ടിവീണത്. കാറ്റിൽ പരിസരത്തെ വൈദ്യുതി പോസ്റ്റ് തകർന്ന് വീണ് രണ്ടു കാറുകൾക്ക് കേടുപാടുകളുണ്ടായി. ആർക്കും പരിക്കേൽക്കാത്തത് ഭാഗ്യമായി.
അതേസമയം സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് പ്രകാരം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രത.
നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























