സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട വാര്യാപുരത്തുണ്ടായ വാഹനാപകടത്തിൽ വാര്യാപുരം സ്വദേശി റെജി (60) ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റെജി നിൽക്കുകയായിരുന്ന സ്ഥലത്തേക്ക് പാഞ്ഞുകയറി.ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ത്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വാര്യാപുരത്ത് രണ്ട് അപകടങ്ങൾ സംഭവിച്ചത്. ആദ്യം ഒരു കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞിരുന്നു. ഈ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരിൽ ഒരാളായിരുന്നു റെജി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെയാണ് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവല്ലയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റെജിയെ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തെത്തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയെയും കൂടെയുണ്ടായിരുന്ന രണ്ട് ആളുകളെയും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha
























