സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷകർ...

കേരളത്തിൽ കാലവർഷം ഉടനെത്തുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷകർ. ഈ മാസത്തിൽ ഇടിമിന്നൽ ശക്തിപ്രാപിക്കുമെന്നും അത് കാലവർഷം പ്രതീക്ഷിച്ചതുപോലെ എത്തുമെന്നതിന്റെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത് . പലയിടങ്ങളിലും ആലിപ്പഴവർഷം തുടങ്ങിയതും കാലവർഷം ഉടൻ എത്തുമെന്നതിന്റെ സൂചനയാണ്.
കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്നത്. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ തുടരും.
ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ കേരളത്തിൽ മഴ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാറ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും.ഓസ്ട്രേലിയയിൽ മഴ അവസാനിക്കുന്നതോടെ മഴവലയം' സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനെ ദക്ഷിണേഷ്യയിലേക്ക് എത്തിക്കും.
നിലവിൽ ഈ വലയം ഭൂമദ്ധ്യരേഖ കടന്ന് മാലിദ്വീപിന് സമീപമെത്തിയെന്നും വരും ദിവസങ്ങളിൽ ശ്രീലങ്കയിലേക്കും ആൻഡമാനിലേക്കും നീങ്ങുമെന്നുമാണ് പ്രവചനം.
ഓസ്ട്രേലിയയിൽ മഴ പിൻവാങ്ങുന്നതോടെയാണ് ഇന്ത്യയിലേക്ക് മൺസൂൺ മേഘങ്ങൾ വരുന്നത്. ഭൂമദ്ധ്യരേഖയ്ക്ക് രണ്ടുവശവുമുള്ള അന്തരീക്ഷസ്ഥിതിയുടെയും കാറ്റിന്റെയും വലിയൊരു പരസ്പര മാറ്റമായാണ് ഇതിനെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാണുന്നത്.
https://www.facebook.com/Malayalivartha
























