കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവം... വിഴിഞ്ഞത്ത് തുടരുന്ന സോളിസ് എന്ന കപ്പലിനെ കൊല്ലത്തേക്കോ കൊച്ചിയിലേക്കോ മാറ്റിയേക്കും

കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തെ തുടർന്ന് വിഴിഞ്ഞത്ത് തുടരുന്ന സോളിസ് എന്ന കപ്പലിനെ കൊല്ലത്തേക്കോ കൊച്ചിയിലേക്കോ മാറ്റിയേക്കും. കാലവർഷത്തിൽ വിഴിഞ്ഞത്തെ കടലടി സാധ്യത മുൻനിർത്തിയാണ് കപ്പലിനെ മാറ്റാനുള്ള നീക്കമെന്ന് അധികൃതർ.
ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നു നിർദേശമുണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസി കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടക്കുന്നു. കൊല്ലം തുറമുഖ അധികൃതരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ കപ്പലിനെ ഇവിടെ നിന്നു കൊണ്ടു പോകുമെന്നാണ് നിലവിലെ വിവരം. വിദേശ കപ്പൽ എത്തിയതിനോടനുബന്ധിച്ച് വാടക ഇനത്തിൽ 25 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിട്ടുണ്ട്.
കപ്പലിൽ രണ്ടു ദിവസം മുൻപ് ബങ്കറിംഗ് നടത്തിയിട്ടുണ്ടായിരുന്നു. ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് മാർച്ച് 9ന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കൻറൈൽ മറൈൻ വകുപ്പിൻറെ ഉത്തരവുണ്ട്.
കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് 7നുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെൻറ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ് (45), മകൻ ബാദൽ(23)എന്നിവരെ കടലിൽ കാണാതാവുകയും തമിഴ്‌നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha
























