അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആക്രമണത്തിന് സാക്ഷിയായ വലിയവിഭാഗം കണ്ണടച്ചു. ജാമ്യവ്യവസ്ഥ കാറ്റില്‍പ്പറത്തി പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു. സാക്ഷികളെ സംരക്ഷിക്കാന്‍ കഴിയാത്തത് ദയനീയാവസ്ഥയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി. പട്ടിക വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് ശിക്ഷ വർധിപ്പിച്ചത്. കേസിലെ ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വിട്ടയച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് മധുവിന്റെ കുടുംബം വ്യക്തമാക്കി.
ഒരുനേരത്തെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവായ മധുവിനെ മർദിച്ചുകൊന്ന കേസിലെ അപ്പീലുകളിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതി കേസിലെ 13 പ്രതികൾക്ക് ഏഴു വർഷം തടവുശിക്ഷയും, 16ാം പ്രതിക്ക് മൂന്നു മാസത്തെ തടവുമാണ് വിധിച്ചിരുന്നത്. ഇന്ന് അപ്പീലുകൾ പരിഗണിച്ച ഹൈക്കോടതി കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുകയും ബാക്കിയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ അപ്പീല്‍ അനുവദിച്ചുകൊണ്ട് പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ശിക്ഷ വർധിപ്പിച്ചത്.
രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചു മുതൽ പത്തുവരെ പ്രതികളായ രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, പന്ത്രണ്ടു മുതൽ പതിനഞ്ച് വരെ പ്രതികളായ സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഹൈക്കോടതി ഉയർത്തി. മൂന്നു വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയുണ്ടെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതി മുനീറിൻ്റെ ശിക്ഷ ഹൈക്കോടതി ഒരു വർഷമാക്കി ഉയർത്തി. പ്രതികൾ അടയ്ക്കുന്ന പിഴയിൽ നിന്ന് 30 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉത്തരവിൽ സന്തോഷമുണ്ടെന്നും ഒന്നാം പ്രതിയെ വെറുതേവിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും മധുവിന്റെ കുടുംബം പ്രതികരിച്ചു.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ 27കാരനായ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, 2018 ഫെബ്രുവരി 22ന്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്.
https://www.facebook.com/Malayalivartha

























