വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം
വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം. ഉത്തരാഖണ്ഡിലെ ഖാത്തിമ മേഖലയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞുതൂങ്ങി. സ്‌കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയ്ക്കും അപകടത്തിൽ പരിക്കേറ്റു.
സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ നികിത കപ്രി സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടറാണ് ആനയുമായി കൂട്ടിയിടിച്ചത്. നികിത താൻ ജോലി ചെയ്യുന്ന ഹിന്ദ് പബ്ലിക് സ്‌കൂളിലേക്ക് പോകുംവഴി, വനത്തിനുള്ളിൽ നിന്ന് പെട്ടെന്ന് കാട്ടാന റോഡിലേക്ക് ഇറങ്ങിവരികയായിരുന്നു. പൊടുന്നനെ ബ്രേക്ക് ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് സ്‌കൂട്ടർ ആനയുടെ മേൽ നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ആനയുടെ ഒരു കൊമ്പ് ഒടിഞ്ഞ് റോഡിൽ ചിതറി കിടന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തിയോടെ ആന കാട്ടിലേക്ക് തന്നെ ഓടിമറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ അദ്ധ്യാപികയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റോഡിൽ വീണുകിടന്ന ആനക്കൊമ്പിന്റെ കഷണങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























