ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഓണായ ഓട്ടോറിക്ഷയ്‌ക്കൊപ്പം നാലുവയസുകാരി കിണറ്റില്‍ വീണു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. അപകടത്തില്‍ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഓട്ടോയില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം മുന്നോട്ടുനീങ്ങി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ബിന്നി സീമ ദമ്പതികളുടെ മകള്‍ എല്‍സിയാണ് കിണറ്റില്‍ വീണത്. എല്‍സിയുടെ മുത്തച്ഛന്‍ ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി വീട്ടിലെത്തിയതായിരുന്നു കുട്ടിയുടെ മുത്തച്ഛന്‍. വീടിനുള്ളില്‍ പോയപ്പോള്‍ ഓട്ടോയില്‍ നിന്ന് താക്കോല്‍ മാറ്റിയിരുന്നില്ല. ഇതിനിടെ ഓട്ടോയില്‍ കയറി കുട്ടി കളിക്കുകയും അബദ്ധത്തില്‍ വാഹനം ഓണ്‍ ആവുകയുമായിരുന്നു. ഓട്ടോ കിണറ്റില്‍ വീണ ശബ്ദം കേട്ടാണ് അയല്‍വാസി ഓടിയെത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കുഞ്ഞിന് നേരിയ പരിക്കുകളുണ്ട്. സ്ഥലത്തെത്തിയ അഗ്‌നിശമന സേന ഓട്ടോറിക്ഷ പുറത്തെടുത്തു.
https://www.facebook.com/Malayalivartha























