പോലീസുകാരന്റെ മീന്‍ വാങ്ങല്‍ കേസില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചു

പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ പോലീസുകാരന്റെ മീന്‍ വാങ്ങല്‍ കേസിന് അപ്രതീക്ഷിത ക്ലൈമാക്‌സ്. ഒരേ രീതിയില്‍ വസ്ത്രധാരണം ചെയ്ത് എത്തിയ നിരവധി പോലീസുകാരുടെ ഇടയില്‍നിന്ന് യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സാധിക്കാതെ മത്സ്യക്കച്ചവടക്കാരന്‍ ഹനീഫ കുഴഞ്ഞു.
ഹാജരായ മറ്റു പോലീസുകാര്‍ക്കൊപ്പം ഇരുന്ന ഉദ്യോഗസ്ഥനെ പലതവണ നോക്കിയിട്ടും ഹനീഫയ്ക്കു തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ പ്രതിയെ കാണാമറയത്തു നിര്‍ത്തി കേസ് അവസാനിപ്പിക്കാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. ഹനീഫ പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈ.എസ്.പി. ആയിരുന്നു പ്രതിസ്ഥാനത്ത്.
കഴിഞ്ഞ നവംബര്‍ 27-ന് ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പെരുന്നയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെട്ടിവണ്ടിയില്‍ മീനുമായി വന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ റഹിം മകന്‍ ഹനീഫ (44)യില്‍ നിന്നും രണ്ടര കിലോ ഗ്രാം മീന്‍ വാങ്ങുകയും കാശ് ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫിസറാണ് മീന്‍ വാങ്ങിയത്. കാശ് ചോദിച്ചപ്പോള്‍ തരാമെന്നു പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് പോലീസ് വാഹനത്തിലെത്തിയ മറ്റൊരു ഓഫിസര്‍ മീന്‍ വാങ്ങിയതിന് കാശ് ചോദിച്ചതിന്റെ പേരില്‍ ഹനീഫയെ കരണത്തടിക്കുകയും, കഴുത്തിനു പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
പരാതി ലഭിച്ചതിനു ശേഷം ആദ്യം നടത്തിയ സിറ്റിങില്‍ ഹനീഫയും, രണ്ടാമത്തെ സിറ്റിങില്‍ പോലീസുകാരും ഹാജരായില്ല. തുടര്‍ന്ന്് പ്രതിയെ അന്വേഷിച്ചു ഹാജരാക്കാന്‍ ഐ.ജി. മഹിപാല്‍ യാദവിനു ജസ്റ്റിസ് നിര്‍ദേശം നല്‍കി.
പിന്നീട് നടന്ന സിറ്റിങില്‍ പ്രതിയെ ഹാജരാക്കാന്‍ ഐ.ജി. തയാറായില്ല. തുടര്‍ന്ന് അഥോറിറ്റി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ചങ്ങനാശേരി ഡിവൈ.എസ്.പിയെ പ്രതിസ്ഥാനത്താക്കുകയായിരുന്നു. ഏപ്രില്‍ 15-നു ഡിവൈ.എസ്.പിയോട് ഹാജരാകാന്‍ ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഡിവൈ.എസ്.പിക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇന്നലെ സിറ്റിങ് നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha