അഴീക്കോട്ടും കണ്ണൂരും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ്

ഐക്യ ജനാധിപത്യ സംരക്ഷണസമിതി എന്ന പേരില്‍ അഴീക്കോട്ടും കണ്ണൂരും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പുറത്താക്കിയ വിമതന്‍ പി.കെ. രാഗേഷ്. അഴീക്കോട്ട് രാഗേഷ് തന്നെ മത്സരിക്കും. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ് രാഗേഷ്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിനു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്താക്കിയ രാഗേഷിനെ ഡിസംബറില്‍ കെപിസിസി ഇടപെട്ടു തിരിച്ചെടുത്തിരുന്നു.
55 അംഗം കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടതു വലതു മുന്നണികള്‍ക്ക് 27 സീറ്റ് വീതമുണ്ട്. മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ച രാഗേഷ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുകയും തുടര്‍ന്നു നറുക്കെടുപ്പില്‍ മുസ്‌ലിം ലീഗിലെ സി.സമീര്‍ ഡപ്യൂട്ടി മേയര്‍ ആവുകയും ചെയ്തു. എന്നാല്‍, സ്ഥിരസമിതി തിരഞ്ഞെടുപ്പില്‍ രാഗേഷ് കോണ്‍ഗ്രസിനെ പിന്തുണച്ചു.
തന്നെ ഡപ്യൂട്ടി മേയറാക്കണമെന്ന രാഗേഷിന്റെ ആവശ്യം കോണ്‍ഗ്രസും ലീഗും തള്ളിയതോടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി രണ്ടാഴ്ച മുന്‍പ് കണ്ണൂരില്‍ പി.കെ. രാഗേഷ് വിമത കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണു രാഗേഷിനെ വീണ്ടും കോണ്‍ഗ്രസ് പുറത്താക്കിയത്. അഴീക്കോട്ട് ലീഗിലെ കെ.എം. ഷാജി എംഎല്‍എയും കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയുമാണു യുഡിഎഫ് സ്ഥാനാര്‍ഥികള്‍.
കെ സുധാകരനെ വെല്ലുവളിച്ച നേതാവെന്ന നിലയില്‍ സുധാകരന്‍ മത്സരിക്കുന്ന ഉദുമയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന നിര്‍ദേശമാണ് അണികളില്‍നിന്ന് ഉയര്‍ന്നുവന്നത്. എന്നാല്‍, ഉദുമയില്‍ നേരിട്ട് സ്വാധീനമില്ലാത്തതിനാല്‍ അതിസാഹസത്തിന് പോകേണ്ടതില്ലെന്നാണ് രാഗേഷിന്റെ അഭിപ്രായം. പകരം സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടി നല്‍കുകയെന്ന നീക്കമാണ് രാഗേഷ് നടത്തുന്നത്.
അഴീക്കോട്, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലാണ് രാഗേഷിന് സ്വാധീനമുള്ള അണികളുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിക്കെതിരെയും വിമതനെ നിര്‍ത്തണമെന്ന ശക്തമായ ആവശ്യം അണികളില്‍ നിന്നും ഉയര്‍ന്ന് വന്നതിലാനാണ് ഇക്കാര്യത്തിലും അന്തിമ തീരുമാനമായത്.
മുസ്ലീം ലീഗിലെ കെഎം ഷാജിയും മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്ന അഴീക്കോട് രാഗേഷ് മത്സര രംഗത്ത് വന്നാല്‍ വീറും വാശിയുമേറും. കഴിഞ്ഞ തവണ 400 ഓളം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ച ഷാജി, വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍ക്കൈയില്‍ ഇത്തവണ എളുപ്പം ജയിച്ചുവരാമെന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. നികേഷ് കുമാറിലൂടെ യുവ വോട്ടുകളെയും അകന്നു നിന്ന വോട്ടുകളെയും സ്വന്തമാക്കാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണെങ്കില്‍ ഷാജിക്ക് അത് കടുത്ത വെല്ലുവളിയാകും. രാഗേഷിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha