തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍ത്തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, വയനാട്ടില്‍ ഒരാള്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി രോഗബാധയേറ്റ് മരിക്കുകയും ചെയ്തു. കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലക്കുളത്തൂര്‍ സ്വദേശി നിളയാണ് മരിച്ചത്.
ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാള്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവര്‍ക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ആരോഗ്യവാനായ ഒരാളില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളില്‍ രോഗം തീവ്രമാകാനിടയുണ്ട്.
https://www.facebook.com/Malayalivartha



























