ക്യാമറ ഘടിപ്പിച്ച ഡ്രോണിലൂടെ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവ് അറസ്റ്റില്‍

കലക്ടറുടെ ഉത്തരവും പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പും വകവയ്ക്കാതെ പൂരം നടക്കുന്ന സ്ഥലത്തു ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ പറത്തി ഫോട്ടോ എടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ സ്വദേശി ധീരജ് പള്ളിയലാണ് അറസ്റ്റിലായത്.
പിന്നീട് ജാമറുകളെയും സിഗ്‌നലുകളെയും നിര്‍വീര്യമാക്കി എന്ന് അവകാശപ്പെട്ടുകൊണ്ടും സുരക്ഷാ ക്രമീകരണങ്ങളെ കളിയാക്കിക്കൊണ്ടും ധീരജ് പൂരദിവസം എടുത്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പൂരത്തിരക്കിനിടയിലേക്കു ഹെലിക്യാം വീണിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ഗുരുതരമായ അവസ്ഥ അവഗണിച്ചാണ് ഇതു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ശക്തന്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുനിന്നാണു ഡ്രോണ്‍ പറത്തിയത്. ഡ്രോണ്‍ പൊലീസ് പിടിച്ചെടുത്തു. ഇതു പകര്‍ത്തിയ ഐപാഡിനുവേണ്ടി അന്വേഷണം നടക്കുകയാണ്. മറ്റേതെങ്കിലും ആവശ്യത്തിന് ഇതുപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കമ്മിഷണര്‍ കെ.ജി.സൈമണ്‍ നല്‍കിയ വിവരം അനുസരിച്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.പി.ജോസ്, സിഐ ബിജു, എസ്‌ഐ പി.ലാല്‍കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജോഷി, നിനോജ്, സിബു, സുഫീര്‍, സന്തോഷ് ജോര്‍ജ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.
പൂരദിവസം ഡ്രോണ്‍ പറക്കുന്നതായി കണ്‍ട്രോള്‍ റൂമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കണ്ടെത്തുന്നതിനു മുന്‍പ് ഇതു കൊണ്ടുപോകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha