തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം

മിനി സിവില്‍ സ്‌റ്റേഷനു പിന്നിലെ കാര്‍ ഷെഡില്‍ തിരൂര്‍ റീസര്‍വേ ഓഫീസ് മുന്‍ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരൂര്‍ തെക്കുംമുറി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന, റീസര്‍വേ ഓഫീസിലെ പ്യൂണായിരുന്ന നടുവിലക്കണ്ടി രാജേഷിനെയാണ് (49) മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തിരൂര്‍ പൊലീസും മലപ്പുറത്തുനിന്ന് ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവസ്ഥലം സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, തഹസില്‍ദാര്‍ ആഷിക്ക്, എസ്.ഐ.മാരായ എന്‍.ആര്‍. സുജിത്ത്, ടി. നസീര്‍, നഗരസഭാധ്യക്ഷന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി എന്നിവര്‍ സന്ദര്‍ശിച്ചു. തിരൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തിരൂര്‍ താലൂക്ക് ഓഫീസ്, തിരൂര്‍ ആര്‍.ഡി.ഒ. ഓഫീസ്, തിരൂര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ എന്നീ ഓഫീസുകളിലും രാജേഷ് ജോലി ചെയ്തിട്ടുണ്ട്. പിതാവ് രാമന്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെയാണ് രാജേഷിന് ജോലി ലഭിച്ചത്. രാജേഷ് തീ കൊളുത്തി മരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























