സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

സുരക്ഷിതമായ രാത്രികാല യാത്ര..... സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതവകുപ്പുമന്ത്രി സി.പി. ജോൺ നിർവഹിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് രാത്രികാല പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. പ്രിയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്.
അതേസമയം തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് ആരംഭത്തിൽ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആർസിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി വഴി സര്‍വീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈകിട്ട് 6 മണി മുതൽ രാത്രി 10.45 വരെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. രാവിലെ 4 മുതൽ 8 വരെയുള്ള സമയത്തും സർവീസുകൾ ലഭ്യമാകുന്നതാണ്. മറ്റു ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. യാത്ര സൗജന്യമായിരിക്കില്ല.
https://www.facebook.com/Malayalivartha


























